1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

കെന്റിനടുത്ത് ടോണ്‍ബ്രിഡ്ജില്‍ നടന്ന ഇമിഗ്രേഷന്‍ റെയിഡില്‍ രണ്ടു മലയാളികളെ ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.ടോണ്‍ബ്രിഡ്ജി റാഫേല്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ഒരു മലയാളി യുവാവിനെയും ഒരു മലയാളി യുവതിയെയും ഒരു ഫിലിപ്പിനോ യുവാവിനെയുമാണ് ഇന്നലെ (വ്യാഴാഴ്ച) ഉച്ചയോടെ ബോര്‍ഡര്‍ എജെന്സി അധികൃതര്‍ അറസ്റ്റ് ചെയ്തത്.വിസയില്‍ അനുവദിച്ചതില്‍ കൂടുതല്‍ സമയം ജോലി ചെയ്തതാണ് അറസ്റ്റ്‌ ചെയ്യുവാനുള്ള കാരണം.ഡോവറിലെ ഡീറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയ ഇവരെ ഉടന്‍ തന്നെ നാട്ടിലേക്ക് കയറ്റി വിടുമെന്നാണ് കരുതപ്പെടുന്നത്.

വ്യാഴാഴ്ച ഓഫ് ഡ്യൂട്ടിയില്‍ ആയിരുന്ന ഇവരെ പുതിയ വര്‍ക്ക്‌ പെര്‍മിറ്റിനുള്ള പരിശീലനം ഉണ്ടെന്നു പറഞ്ഞ് നഴ്സിംഗ് ഹോമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.ജോലിസ്ഥലത്തെത്തിയ ഇവരെ കാത്തിരുന്നത് പന്ത്രണ്ടോളം വരുന്ന ബോര്‍ഡര്‍ എജെന്സി ഉദ്യോഗസ്ഥരായിരുന്നു.മൂവരെയും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.അവധിയിലായിരുന്ന മറ്റൊരു മലയാളി പെണ്‍കുട്ടിയെക്കൂടി വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കിലും ആ കുട്ടി സൌതാംപ്ടനിലെ ബന്ധുവീട്ടില്‍ ആയിരുന്നതിനാല്‍ അറസ്റ്റില്‍ നിന്നും രക്ഷപെടുകയായിരുന്നു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ നഴ്സിംഗ് ഹോമില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു.അപ്പോള്‍ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഈ സ്ഥാപനം ബോര്‍ഡര്‍ എജെന്സിയുടെ നിരീക്ഷണത്തില്‍ ആയിരുന്നു.

അറസ്റ്റില്‍ ആയവരില്‍ ഒരാള്‍ സ്റ്റുഡന്റ് വിസയിലും മറ്റെയാള്‍ പോസ്റ്റ്‌ സ്റ്റഡി വര്‍ക്ക്‌ പെര്‍മിറ്റിലുമായിരുന്നു.അറസ്റ്റില്‍ നിന്നും രക്ഷപെട്ട കുട്ടിയാകട്ടെ സ്റ്റുഡന്റ് വിസയിലും.ഒട്ടേറെ മലയാളികള്‍ക്ക് വര്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കിയിട്ടുള്ള സ്ഥാപനമാണ് റാഫേല്‍ മെഡിക്കല്‍ സെന്‍റര്‍.. ഇക്കാരണത്താലും പുതിയ വര്‍ക്ക്‌ പെര്‍മിറ്റിനുള്ള അപേക്ഷ അയക്കുനതിനുള്ള സമയം ആയിരുന്നതിനാലും നഴ്സിംഗ് ഹോമില്‍ നിന്നുമുള്ള ഫോണ്‍ വിളി വന്നപ്പോള്‍ ഇരുവര്‍ക്കും സംശയം തോന്നിയില്ല.എന്നാല്‍ ജോലിസ്ഥലത്ത് എത്തിയപ്പോഴാണ് ഫോണ്‍വിളി ഒരു ട്രാപ്പായിരുന്നുവെന്ന് മനസിലായത്.ഇരുവരെയും താമസസ്ഥലത്തു പോകാന്‍ പോലും അനുവദിക്കാത്ത അധികൃതര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു.ബോര്‍ഡര്‍ എജെന്സി അധികൃതര്‍ നല്‍കിയ വേറൊരു ഫോണില്‍ നിന്ന് വിളിച്ചാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്.

കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിസ നിബന്ധനകള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കെതിരെ ബോര്‍ഡര്‍ എജെന്സി കടുത്ത നടപടികള്‍ എടുക്കുന്നത് തുടരുകയാണ്.സമീപകാലത്തായി പത്തോളം മലയാളികളെ ഇപ്രകാരം അധികൃതര്‍ കസ്റ്റഡിയില്‍ എടുക്കുകയും നാട്ടിലേക്ക് ഡീപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.ടോണ്‍ബ്രിഡ്ജില്‍ ഇന്നലെ അറസ്റ്റിലായവരുടെ ഗതിയും ഇത് തന്നെയായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.അതേസമയം ഇന്നലത്തെ റെയ്ഡില്‍ നിന്നും രക്ഷപെട്ട കുട്ടി നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചതായാണ് സൌതാംപ്പ്ടനില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.