1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015


റോണി ജേക്കബ്

റോതര്‍ഹാം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ അഞ്ചാം യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ഇക്കഴിഞ്ഞ 26, 27 തീയതികളില്‍ റോതര്‍ഹാമിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും മാര്‍ ഗ്രിഗോറിയോസ് നഗറിലുമായി ഭക്തിപൂര്‍വം നടത്തപ്പെട്ടു.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും സിബിസിഐ, കെസിബിസി മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ വിശിഷ്ടാതിഥിയായിരുന്നു.

26ന് വൈകിട്ട് 6.30ന് അഭിവന്ദ്യ കര്‍ദിനാള്‍ കാര്‍മികത്വം വഹിച്ച സന്ധ്യാ നമസ്‌കാരവും ഫാ. സോജി ഓലിക്കല്‍ നയിച്ച ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. 27ന് രാവിലെ ഒന്‍പതിന് മലങ്കര സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാദര്‍ ഡാനിയേല്‍ കുളങ്ങര പതാക ഉയര്‍ത്തിയതോടെ പ്രധാനദിന പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു പ്രാര്‍ഥനാ ഗാനത്തോടെ സമാരംഭിച്ച വിശ്വാസ സമ്മേളനത്തില്‍ അഭിവന്ദ്യ കര്‍ദിനാള്‍ അധ്യക്ഷതവഹിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

യുകെയിലെ മലങ്കര സഭയുടെ ചുമതലയുള്ള അമേരിക്കന്‍ എക്‌സാര്‍കേറ്റ് ബിഷപ് തോമസ് മാര്‍ യൗസേബിയോസിന്റെ ആശംസാ സന്ദേശം ഫാ#് ജോസഫ് എസ്.ജെ. സദസിനായി വായിച്ചു. ഫാ. ഡാനിയേല്‍ കുളങ്ങര പാസ്റ്ററല്‍ കൗണ്‍സില്‍ സെരകട്ടറി മനോഷ് ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീറോ മലങ്കര ചാപ്ലൈയിനും അറിയപ്പെടുന്ന സഭാ വിജ്ഞാന ഗ്രന്ഥകര്‍ത്താവുമായ ഫാ. തോമസ് മടുക്കമൂട്ടില്‍ രചിച്ച എക്ലെസിയ, കണ്‍വന്‍ഷന്‍ സുവനീര്‍ ഈത്തോ എന്നീ എന്നീ പ്രസിദ്ധീകരണങ്ങള്‍ കര്‍ദിനാള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. മാതാധ്യാപകര്‍ക്കുവേണ്ടി ജോബി മാഞ്ചസ്റ്ററും എഡിറ്റോറിയല്‍ ബോര്‍ഡിനുവേണ്ടി ജോണ്‍സണ ജോസഫും ആദ്യ പ്രതികള്‍ ഫാ. സിജോയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ചടങ്ങിനു ഫാ. തോമസ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് ഡാനിയേല്‍ നന്ദിയും പ്രകാശിപ്പിച്ചു.

തുടര്‍ന്നു മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വെവ്വേറെ ഹാളുകളില്‍ സെമിനാറുകള്‍ നടത്തപ്പെട്ടു. മുതിര്‍ന്നവര്‍ക്കുള്ള സെമിനാറിന് അഭിവന്ദ്യ കര്‍ദിനാള്‍ നേതൃത്വം നല്‍കി. കുട്ടികളുടെ ശസമിനാര്‍, ഡിവൈന്‍മെഴ്‌സി യൂത്ത് നോട്ടിംഗ്ഹാം നയിച്ചു.

മാര്‍ ഗ്രിഗോറിയോസ് നഗറില്‍നിന്നു തുടങ്ങിയ പ്രൗഡഗംഭീരമായ പ്രേഷിത റാലി, വിശ്വാസ തീഷ്ണതകൊണ്ടും യുകെ മിഷനുകളുടെ സജീവ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന റാലിയില്‍ അഭിവന്ദ്യ കര്‍ദിനാളിനോടൊപ്പം ഹാലം രൂപതാ മെത്രാന്‍ മാര്‍ റാല്‍ഫ് ഹെസ്‌കറ്റ്, വികാരി ജനറാള്‍ ഡെസ്മണ്ട് എന്നിവര്‍ ആനയിക്കപ്പെട്ടു. ഒരേ നിറത്തിലുള്ള സാരികള്‍ ധരിച്ച വനിതകളും പൂത്താലമേന്തിയ കുട്ടികളും വര്‍ണാഭമായ മുത്തുക്കുടകളും നോട്ടിംഗ്ഹാം മുദ്രാ ബാന്റിന്റെ ചെണ്ടമേളവും ഹൃദ്യമായ അനുഭവമായി മാറി.

ഫാ. ഡെസ്മണ്ട്, ഫാ. ദാനിയേല്‍ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടില്‍, ഫാ. ജോസഫ് എസ്.ജെ, ഫാ. സിജു എന്നിവര്‍ സഹകാര്‍മികരായി വിന്‍സെന്റ് ഷെഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഭക്തിസാന്ദ്രമായി ദിവ്യഗീതങ്ങള്‍ ആലപിച്ചു. വിവിധ മിഷനുകളില്‍നിന്നു വന്ന കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളായ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവായെ ബിഷപ് റാള്‍ഫ് ഹസ്‌കെറ്റ്, ഫാ. ഡസ്മണ്ട്, ഫാ. ദാനിയേല്‍ കുളങ്ങര, അനൂജ് മാത്യു എന്നിവര്‍ യഥാക്രമം ഹാലം രൂപതയുടെയും റോതെര്‍ഹാം ഇടവകയുടെയും അഭിനന്ദനങ്ങളും പ്രാര്‍ഥനാശംസകളും അറിയിച്ചു. മലങ്കര സഭയുടെ സ്‌നേഹോപഹാരം അഭിവന്ദ്യ കര്‍ദിനാള്‍ ബിഷപ് റാള്‍ഫിന് കൈമാറി.

യുകെയിലെ എല്ലാ മിഷനുകളും പങ്കെടുത്ത, ഫാ. തോമസ് മടുക്കമൂട്ടില്‍ നയിച്ച സോഫിയ 205 ബൈബിള്‍ ക്വിസും വൈവിധ്യമാര്‍ന്ന പരിപാടികളുമായി നടത്തപ്പെട്ട ബെഥാനിയ 2015 കലാ സാംസ്‌കാരിക സായാഹ്നവും പുതുമയാര്‍ന്ന ശൈലികൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായി. കലാപരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചത് നോട്ടിംഗ്ഹാമിലെ മനു സഖറിയയാണ്.

അച്ചടക്കംകൊണ്ടും സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായ കണ്‍വന്‍ഷനു പാസ്റ്ററല്‍ കൗണ്‍സിലിനൊപ്പം നേതൃത്വം നല്‍കിയത് ഫാ. തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വത്തില്‍ നോട്ടിംഗ്ഹാം ഷെഫീല്‍ഡ് മലങ്കര മിഷന്‍ അംഗങ്ങളാണ്.

2016ലെ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന ലിവര്‍പൂള്‍ സെന്റ് ബേസില്‍ സീറോ മലങ്കര കാത്തലിക് മിഷന് അഭിവന്ദ്യ കര്‍ദിനാള്‍ പതാക കൈമാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.