1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

തുടര്‍ച്ചയായി നാലു ചിത്രങ്ങള്‍ കനത്ത പരാജയമേറ്റുവാങ്ങിയതോടെ താരപദവിക്ക് മങ്ങലേറ്റ മമ്മൂട്ടി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇനി ഒരു സിനിമ കൂടി തകരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും മമ്മൂട്ടി ക്യാമ്പിന് കഴിയില്ല. അതുകൊണ്ടുതന്നെ ‘വെനീസിലെ വ്യാപാരി’ എന്ന തന്‍റെ പുതിയ ചിത്രം വിജയിക്കുന്നതിനായി പരമാവധി ശ്രമങ്ങള്‍ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.

നവംബര്‍ നാലിനാണ് ഷാഫി സംവിധാനം ചെയ്ത ‘വെനീസിലെ വ്യാപാരി’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ധൃതിപിടിച്ച് വെനീസിലെ വ്യാപാരി റിലീസ് ചെയ്യേണ്ട എന്ന തീരുമാനമാണ് മമ്മൂട്ടിക്കുള്ളത്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സമയമെടുത്ത് ചെയ്ത് ഭംഗിയാക്കിയതിന് ശേഷം മാത്രം തിയേറ്ററിലെത്തിച്ചാല്‍ മതി എന്നാണ് മമ്മൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും നവംബര്‍ നാലിന് വെനീസിലെ വ്യാപാരി റിലീസ് ചെയ്യേണ്ട എന്ന് നിശ്ചയിച്ചിട്ടുണ്ട്.

ഒരാഴ്ച കൂടി കഴിഞ്ഞ് നവംബര്‍ 11ന് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു. 11/11/11 എന്ന മാജിക് ഡേറ്റില്‍ ചിത്രം റിലീസ് ചെയ്യുന്നത് ശുഭകരമായിരിക്കും എന്നാണ് മമ്മൂട്ടിയും ഷാഫിയും വിശ്വസിക്കുന്നത്.

മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തുന്നത്. 1970ല്‍ ആരംഭിച്ച് 2011 വരെയുള്ള കാലഘട്ടമാണ് സിനിമയ്ക്ക് പശ്ചാത്തലമാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ട്രെയിലര്‍ ജനപ്രീതി നേടിയതോടെ വെനീസിലെ വ്യപാരിയെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ന്നിരിക്കുന്നു.

കാവ്യാ മാധവനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, പൂനം ബജ്‌വ തുടങ്ങിയവരും താരങ്ങളാണ്. ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിക്കുന്ന ചിത്രമാണ് വെനീസിലെ വ്യാപാരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.