1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015

അപ്പച്ചന്‍ കണ്ണന്‍ചിറ

ബ്രോംലി : ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ആഘോഷിച്ച ഭാരത അപ്പസ്‌ത്തോലന്‍ വിശുദ്ധ തോമശ്ലീഹയുടെയും,വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസിയമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ അക്ഷരാര്‍ഥത്തില്‍ ബ്രോംലി മലയാളി നിവാസികള്‍ക്ക് വിശ്വാസോത്സവമായി. പാരീഷ് അംഗങ്ങള്‍ക്കൊപ്പം സമീപ പ്രദേശവാസികളും,ലണ്ടനു പുറത്തുനിന്നും വരെ തിരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം വാങ്ങാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ബ്രോംമിലിയിലേക്ക് വന്നെത്തിയിരുന്നു.ബ്രോംമിലിയിലെ വിശ്വാസ പ്രഘോഷണമായി മാറിയ പ്രദക്ഷിണവും, ചെണ്ടമേളവും,അലങ്കാരങ്ങളും ബ്രോമ്ലി വാസികളെയും,യാത്രക്കാരെയും ഹഡാതാകര്‍ഷിച്ചു.അവിസ്മരണീയ അനുഭവമായ തിരുന്നാളില്‍ നാനാ ഭാഷക്കാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

തക്കല രൂപതാ അദ്ധ്യക്ഷന്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവിന്റെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ തിരുന്നാള്‍ ദിവസം രാവിലെ വൈദികരായ ജോസഫ് കറുകയില്‍,സാജു മുല്ലശ്ശേരി,സിറില്‍ ഇടമന സിറോ മലബാര്‍ സെന്റര്‍ ചാപ്ലിന്‍ സാജു പിണക്കാട്ട്,സിറിയക് പലക്കുടിയില്‍,ഡീക്കന്‍ ബാരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സെന്റ് ജോസഫ് പള്ളി വികാരി ടോം അച്ചന്‍,പള്ളിക്കു മുന്‍പിലായി തയ്യാറാക്കിയ കൊടിമരത്തില്‍ കൊടിയേറ്റിയതോടെ തിരുന്നാളിന് ആരംഭമായി.തുടര്‍ന്ന്തിരുന്നാള്‍ പ്രസുദേന്തി വാഴ്ചയും,ആഘോഷമായ സമൂഹ ദിവ്യബലിയും നടന്നു. ഫാ.ജോസഫ് കറുകയില്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മീകനായിരുന്നു.ഫാ.സിറില്‍ ഇടമന കുര്‍ബ്ബാന മദ്ധ്യേ സുവിശേഷ പ്രസംഗം ചെയ്തു.’തിരുന്നാളുകള്‍ ആഘോഷമാക്കി വിശുദ്ധരെ അനുസ്മരിക്കുമ്പോള്‍ അവരുടെ ജീവിത നന്മകള്‍ മനസ്സിലാക്കുവാനും, അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുകയും ചെയ്താലേ അതിന്ഫലം ഉള്ളൂവെന്ന്’ സിറില്‍ അച്ചന്‍ ഓര്‍മ്മിപ്പിച്ചു.ബ്രോമ്ലിയുടെ സ്വന്തം കൊയര്‍ ഗ്രൂപ്പ് തന്നെ ഒരുങ്ങി നടത്തിയ ഗാന ശുശ്രുഷ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സ്വര്‍ഗ്ഗീയ അനുഭവം പകര്‍ന്നു.

തിരുന്നാള്‍ കുര്‍ബ്ബാനക്ക് ശേഷം വിശുദ്ധരുടെ രൂപങ്ങള്‍ രൂപക്കൂടുകളില്‍ എടുത്തുകൊണ്ട്,തിരുശേഷിപ്പും വഹിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കോണ്‍വെന്റ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് നൂറു കണക്കിന് വിശ്വാസികള്‍ അണിനിരന്ന ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും നടന്നു.ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് തിരുശേഷിപ്പ് വഹിച്ചുകൊണ്ട് പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് എല്ലാവര്‍ക്കും ആത്മീയ അനുഭവവും ഒപ്പം അനുഗ്രഹദായകവുമായി. തായമ്പക മേളങ്ങളുടെയും താലപൊലിയുടെയും അകമ്പടിയോടെ നടന്ന ആഘോഷകരമായ വിശ്വാസ പ്രഘോഷണ പ്രദക്ഷിണം തിരുന്നാള്‍ കൊടികള്‍ ഏന്തിയ കൊച്ചുകുട്ടികള്‍ക്ക് പുതിയ കാഴ്ചയായിരുന്നു. മുത്തുകുടകള്‍, വര്‍ണ്ണാഭമായ തോരണങ്ങലാല്‍ അലംകൃതമായ പള്ളിയും പരിസരവും,കൊടികളും,പേപ്പല്‍ ഫ്‌ലാഗുകളും പ്രദക്ഷിണത്തിനു കൂടുതല്‍ അഴകേകി. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയ ശേഷം വാഴ്വും,ലദീഞ്ഞും, അല്‍ഫോന്‍സാമ്മയുടെ നോവേനക്കും ശേഷം ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കി.’ നമ്മുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹ, ദൈവ വചനവും,വിശ്വാസ സത്യങ്ങളും പ്രഘോഷിക്കുവാനായിട്ടാണ് നമ്മുടെ മണ്ണില്‍ എത്തിയതെന്നും കൂടാതെ ദൈവത്തിന്റെ രക്ഷാകര പദ്ധതി ഏവര്‍ക്കും പകര്‍ന്നു നല്‍കുകയും ചെയ്തു.ദൈവീക പാത സ്വീകരിച്ചു ജീവിച്ചവരാണ് വിശുദ്ധ ഗണത്തില്‍ ചെര്ക്കപ്പെട്ടതെന്നും , പ്രവാസമണ്ണില്‍ ഓരോ മാര്‌ത്തോമ്മാ കത്തോലിക്കരും യേശുവിനു ജീവിത സാക്ഷികലാവനം എന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു.ജോര്‍ജ്ജ് പിതാവ് നല്‍കിയ സമാപന ആശിര്‍വാദത്തോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് സമാപനമായി.തുടര്‍ന്ന് വിശ്വാസികള്‍ കഴുന്നെടുക്കുന്നതിന്റെയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിന്റെയും തിരക്കായിരുന്നു.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി ഹാളില്‍ വിശ്വാസി സമൂഹം ഒത്തുകൂടി.വേദപാഠം കുരുന്നുകളുടെ മികവുറ്റ കലാവിരുന്നിന് ശേഷം ചെണ്ട മേളക്കാരുടെ കലാശക്കൊട്ട് ഏവര്‍ക്കും ആവേശം വിതറി.ഹാളില്‍ തിങ്ങിക്കൂടിയ വിശ്വാസികളെ സാക്ഷി നിറുത്തി സിറോ മലബാര്‍ മാസ്സ് സെന്ററിന്റെ വെബ്‌സൈറ്റ് ഏറ്റവും പ്രായം കുറഞ്ഞ കുരുന്ന് ഉത്ഘാടനം ചെയ്തു. സിറോ മലബാര്‍ മാസ്സ് സെന്റര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടച്ചന്‍ എല്ലാവര്‍ക്കും തിരുന്നാളിന്റെ ആശംസകള്‍ നേരുകയും തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മിറ്റി കാര്‍ക്കും,തിരുന്നാള്‍ പ്രസുദേന്തിമാര്‍ക്കും,തിരുന്നളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. വിഭവ സമൃദ്ധവും,സ്വാദിഷ്ടവുമായ സ്‌നേഹ വിരുന്നു ഏവരും ആസ്വദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.