1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2011

തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ വാഷി മരിച്ചവരുടെ എണ്ണം 650 കവിഞ്ഞു. 800ലേറെപ്പേരെ കാണാതായി. തെക്കന്‍ മേഖലയിലെ പ്രധാന തുറമുഖ നഗരങ്ങളായ കാഗയാന്‍ ഡീ ഓറോ, ഇല്ലീഗന്‍ എന്നിവിടങ്ങളിലാണ് ദുരന്തം നാശം വിതച്ചത്. മിന്നല്‍ പ്രളയത്തില്‍ ചെളിയും മണ്ണും കുത്തിയൊലിച്ചു വന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്.

ഈ മേഖലയിലെ മിക്ക ഗ്രാമങ്ങളും പ്രളയ ജലം വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു. വാഹനങ്ങള്‍ ഒഴുകിപ്പോയി. 35,000ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും എത്തിക്കാനായി സര്‍ക്കാറും ദേശീയ റെഡ് ക്രോസും അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ദുരന്തമേഖലയില്‍ 20,000 സൈന്യത്തെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. മണ്ണില്‍ പൂഴ്ന്നു പോയ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സൈന്യം കഷ്ടപ്പെടുകയാണ്. ഇതുവരെയുള്ള മരണസഖ്യ 652 ആണെന്ന് റെഡ്‌ക്രോസ് അറിയിച്ചു. ഇതില്‍ 500 പേര്‍ കാഗയാന്‍ ഡീ ഓറോ നഗരത്തിലാണെന്ന് ഇവിടത്തെ മേയര്‍ പറഞ്ഞു. 808 പേരെ കാണാതായിട്ടുണ്ട്.

ഫിലിപ്പീന്‍സിനു വേണ്ട സഹായമെത്തിക്കാന്‍ തയ്യാറാണെന്ന് യു. എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ അറിയിച്ചു . ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ദേശീയ ദുരന്ത നിവാരണ കൗണ്‍സില്‍ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ ബെനിറ്റോ റാമോസ് പറഞ്ഞു.

ഉഷ്ണമേഖലാ ചക്രവാതമായി വീശിയടിക്കുന്ന വാഷി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയേറിയ കൊടുങ്കാറ്റായി രൂപം പ്രാപിച്ചേക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. 2009 ല്‍ മനിലയിലും തൊട്ടുള്ള നഗരങ്ങളിലും വീശിയടിച്ച കെറ്റ്‌സാന കൊടുങ്കാറ്റില്‍ നൂറുകണക്കിനാളുകളാണ് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.