1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 19 പേര്‍ ചികിത്സയിലാണെന്നും മൂന്നുപേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. വുഹാനില്‍ നിന്നും വന്നവര്‍ക്കാണ് രോഗം ഭേദമായത്. വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തിരുവനന്തപുരത്ത് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരാള്‍ വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയാണ്. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍.

5468 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 5191 പേര്‍ വീടുകളിലും ബാക്കിയുള്ള 277 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 69 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1715 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്കയച്ചത്. അതില്‍ 1132 എണ്ണം നെഗറ്റീവ് ആണ്.

പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനുമാണ് ഊന്നല്‍ നല്‍കുന്നതെന്നും സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നുണ്ടെന്നും കക്ഷിഭേദമന്യേയാണ് ഇതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സാനിട്ടൈസറുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും 10 ദിവസത്തിനകം 1 ലക്ഷം സാനിട്ടൈസറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയിലെ ഹോം സ്‌റ്റേകള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് രോഗ ബാധയില്ലെന്ന് കണ്ടെത്തും. സംശയമുള്ളവരെ അവര്‍ താമസിക്കുന്നിടത്ത് തന്നെ നിരീക്ഷിക്കും. കാലബുര്‍ഗിയിലെ മരണവും അവിടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ മാസ്‌കുകള്‍ ജയിലുകളില്‍ നിര്‍മിക്കാനൊരുങ്ങുന്നുന്നെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാസ്‌കുകള്‍ക്ക് വിലവര്‍ദ്ധനവും ക്ഷാമവും നേരിടുന്നത് പരിഹരിക്കുന്നതിനായാണ് മാസ്‌കുകള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഭീതിയുണ്ടാക്കാനല്ലെന്നും അത് ഈ സാഹചര്യത്തില്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് വായുവിലൂടെ പകരില്ലെന്നതും സ്പര്‍ശനത്തിലൂടെ മാത്രമാണ് പടരുകയെന്നും അതിനാവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ എല്ലാവരെയും പരിശോധിക്കും. വിദേശത്ത് കുടുങ്ങിയവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുകെയില്‍ നിന്നും വന്ന ആളുകളും ഇറ്റാലിയന്‍ പൗരനും നീരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇവര്‍ ആരെയെങ്കിലും ബന്ധപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.