1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2020

സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ ആശങ്കയുമായി സംസ്ഥാനങ്ങൾ. എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ ഇലക്ട്രിസിറ്റി ഗ്രിഡ് വലിയ വെല്ലുവിളി നേരിടേണ്ടി വരും.

160 ജിഗാവാട്‌സാണ് ഇന്ത്യയുടെ അടിസ്ഥാനപരമായ വൈദ്യുതി ആവശ്യം. ഇതിനനുസൃതമായിട്ടാണ് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വൈദ്യുത വിതരണ സംവിധാനം പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. 160 ജിഗാവാട്ട്‌സ് അടിസ്ഥാനപ്പെടുത്തിയാണ് ഗ്രിഡുകളുടെ സ്റ്റബിലിറ്റി 48.5-51.5 ഹെര്‍ട്‌സ് നിജപ്പെടുത്തിയിരിക്കുന്നത്. വൈദ്യതി ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം വലിയ രീതിയില്‍ വ്യത്യാസപ്പെട്ടാല്‍ പ്രതിസന്ധിക്ക് കാരണമായേക്കാം.

എല്ലാവരും ഒമ്പത് മിനിറ്റ് ഒരുമിച്ച് വൈദ്യുതി വിളക്കുകണച്ചാല്‍ ഒരുമിച്ച് 10000-12000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത ഒറ്റയടിക്ക് നിലക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സമയം വൈദ്യുതി വിതരണം പെട്ടെന്ന് താഴ്ത്തുകയും ഒമ്പത് മിനിറ്റിന് ശേഷം പെട്ടെന്ന് ഉയര്‍ത്തുകയും വേണം. ഈ പ്രക്രിയയില്‍ പ്രശ്‌നം സംഭവിച്ചാല്‍ വൈദ്യുതി വിതരണം ആകമാനം പ്രതിസന്ധിയിലാകും. വൈദ്യുതി സംഭരിക്കാന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന് മതിയായ സൗകര്യമില്ലാത്തതാണ് പ്രശ്‌നം.

ജനതാ കര്‍ഫ്യൂ ദിവസവും സമാനമായ അനുഭവമുണ്ടായിരുന്നു. അന്ന് 26 ജിഗാവാട്‌സാണ് ഉപഭോഗത്തില്‍ കുറഞ്ഞത്. എന്നാല്‍, ഇത് 24 മണിക്കൂറിനുള്ളിലാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു.ഇത് സംബന്ധിച്ച് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഒരുമിച്ച് വൈദ്യുതി വിളക്കുകൾ അണയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കകൾ ഉയർന്നതോടെയാണഅ ഇക്കാര്യത്തിൽ വിദശീകരണവുമായി കേന്ദ്ര സർക്കാർ രം​ഗത്തെത്തിയത്. വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതിയെന്നു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ സമയത്ത് തെരുവു വിളക്കുകൾ, കംപ്യൂട്ടറുകൾ, ടിവി, ഫാൻ, എസി, ഫ്രിജ് തുടങ്ങിയവ നിർത്തേണ്ടതില്ലെന്നു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വഴിവിളക്കുകൾ അണയ്ക്കേണ്ടതില്ലെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഗൃഹോപകരണങ്ങൾ നിർത്താൻ ആഹ്വാനമില്ലെന്നും ലൈറ്റുകൾ മാത്രം ഓഫ് ചെയ്താൽ മതിയെന്നുമാണ് നിർദ്ദേശം. ആശുപത്രികളിലെയും മറ്റ്‌ അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ അണയ്ക്കില്ല. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകൾ കത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഊർജ്ജ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരുമിച്ചു ലൈറ്റ് ഓഫ്‌ ചെയ്യുന്നത് ഗ്രിഡിൽ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം മന്ത്രാലയം തള്ളി. ഇന്ത്യൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണ്. വൈദ്യുതി ഉപയോഗത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഊർജ മന്ത്രാലയം അറിയിച്ചു.

വിഡിയോ സന്ദേശത്തിലാണ് കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.