1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2020

സ്വന്തം ലേഖകൻ: പശ്ചിമബംഗാളിലെ കൊവിഡ് ലോക്ഡൗണ്‍ വിവരങ്ങള്‍ അന്വേഷിക്കാനായി കേന്ദ്ര സംഘത്തെ അയച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. കേന്ദ്ര സംഘത്തിന്റേത് അഡ്വഞ്ചര്‍ ടൂറിസമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ചില ജില്ലകളില്‍ പരിശോധനകള്‍ നടത്താന്‍ എത്തിയ സംഘം എന്തുകൊണ്ടാണ് കൊവിഡ് കേസുകളും ഹോട്ട് സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പരിശോധന നടത്താത്തതെന്നും പാര്‍ട്ടി ചോദിച്ചു.

കേന്ദ്രസംഘം ബംഗാളിലെത്തി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കേന്ദ്രം ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൃണമൂല്‍ എം.പിമാരായ ദെറെക് ഒബ്രിയാനും സുദീപ് ബന്ദോപാധ്യായയും പറഞ്ഞു.

ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ കൊവിഡ് രോഗികളും ഹോട്ട്‌സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം സന്ദര്‍ശനം നടത്താത്തത് എന്തുകൊണ്ടാണ്?. കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ പോലുമില്ലാത്ത പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസംഘത്തെ അയക്കാനുള്ള കാരണമെന്താണെന്നും ഒബ്രിയാന്‍ ചോദിച്ചു.

‘ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണം. എന്തുകൊണ്ടാണ് കേന്ദ്രസംഘം എത്തുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കാതിരുന്നത്? ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഇക്കാര്യം ആദ്യം അറിയിക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരിനെയല്ലായിരുന്നോ? ഇത്തരമൊരു സംഘത്തെ അയച്ചതിന്റെ പിന്നിലുള്ള ഉദ്ദേശം വ്യക്തമല്ല. ആദ്യം വ്യക്തമാക്കേണ്ടത് ഇതാണ്’, അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളിലെ ചില ജില്ലകളിലേക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാനാണ് സംഘത്തെ അയച്ചതെന്നാണ് കേന്ദ്ര വിശദീകരണം. മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ബംഗാളിലെ മറ്റ് ചില ജില്ലകള്‍ എന്നിവിടങ്ങളിലേക്കാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിരീക്ഷണം നടത്താനാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.