1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2018

സ്വന്തം ലേഖകന്‍: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു നഗരങ്ങളില്‍ വ്യാപക റെയ്ഡ്; ആറു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്ത ആറു നഗരങ്ങളില്‍ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ പുണെ പോലീസാണ് റെയ്ഡ് നടത്തിയത്.

തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. ഇവരെ ബുധനാഴ്ച പുണെയില്‍ എത്തിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അറസ്റ്റിലായവരുള്‍പ്പെടെ ഒന്‍പത് മനുഷ്യാവകാശപ്രവര്‍ത്തകരുെട വീടുകളിലാണ് തിരച്ചില്‍ നടന്നത്. ഡല്‍ഹി, ഫരീദാബാദ്, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി ചൊവ്വാഴ്ച പുലര്‍ച്ചെമുതലായിരുന്നു റെയ്ഡ്. വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹിയില്‍ ഗൗതം നവ്‌ലാഖ, ഹൈദരാബാദില്‍ വരവര റാവു, മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെ.വി. കൂര്‍മനാഥ്, മുംബൈയില്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധാ ഭരദ്വാജ്, റാഞ്ചിയില്‍ സന്നദ്ധപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി, ഗോവയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്‌ളെ എന്നിവരുടെ വീടുകളിലാണ് ഒരേസമയം തിരച്ചില്‍ നടത്തിയത്.

ആനന്ദിന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം റെയ്ഡ് നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല. ഗൗതം നവ്‌ലാഖയെ ബുധനാഴ്ച രാവിലെവരെ ഡല്‍ഹിയില്‍നിന്ന് കൊണ്ടുപോകരുതെന്ന് മഹാരാഷ്ട്ര പോലീസിനോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. വിഷയം ബുധനാഴ്ച രാവിലെ കോടതി പരിഗണിക്കുംവരെയാണ് നിയന്ത്രണം.

പുണെയിലെ ഭീമ കൊരെഗാവില്‍ മറാഠാ പേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്റെ 200 ആം വാര്‍ഷികം കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു. ആ ആഘോഷത്തിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയതാണ് ഭീമാ കൊരേഗാവ് സംഘര്‍ഷമായി പടര്‍ന്നത്. വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപണം.

മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അപലപിച്ചു. ഭയമില്ലാതെ ഒത്തുചേരാനുള്ള അന്തരീക്ഷം ഓരോ പൗരന്റെയും അവകാശമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റ് ആശങ്ക ജനിപ്പിക്കുന്നതായി എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. വിവിധ മനുഷ്യാവകാശസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.