1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് കിഴക്കന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 590 കിലോമീറ്റര്‍ ആഴത്തിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടോക്കിയോയ്ക്കു കിഴക്ക് ഒഗസവാര ദ്വീപ സമൂഹങ്ങള്‍ക്കു സമീപമുണ്ടായ ചലനത്തില്‍ ജപ്പാന്‍ മുഴുവനും കുലുങ്ങി.

പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 8.30 നായിരുന്നു ഭൂചലനം. ശാന്ത സമുദ്രത്തിനടിയിലെ പ്രഭവ കേന്ദ്രത്തില്‍ ചെറു ചലനമാണ് ആദ്യമുണ്ടായത്. തൊട്ടു പിന്നാലെ ഒരു മിനിറ്റ് നീണ്ട വലിയ ചലനവും. തുടര്‍ന്ന് നരിതാ വിമാനത്താവളത്തിലെ റണ്‍വേകള്‍ അടച്ചും ട്രെയിനുകള്‍ നിര്‍ത്തിയിട്ടും ജപ്പാന്‍ ജാഗ്രത പാലിച്ചു. ടോക്കിയോയില്‍ നടന്നു കൊണ്ടിരുന്ന ഫുട്‌ബോള്‍ മല്‍സരവും നിര്‍ത്തിവച്ചു.

നാലു വര്‍ഷം മുന്‍പുണ്ടായ വന്‍ ഭൂചലനത്തിലും സൂനാമിയിലും ആണവ ചോര്‍ച്ചയുണ്ടായ ഫുകുഷിമ നിലയത്തിന് ഇന്നലത്തെ ഭൂചലനം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണു വിവരം. ജപ്പാനിലെ ഭൂചലനത്തെ തുടര്‍ന്നുള്ള നേരിയ പ്രകമ്പനങ്ങള്‍ ന്യൂഡല്‍ഹിയിലും അനുഭവപ്പെട്ടു.

ഇതിനിടെ, നേപ്പാളില്‍ ഇന്നലെ രണ്ടു തുടര്‍ ചലനങ്ങളുണ്ടായി. ഇതോടെ, ഏപ്രില്‍ 25 നുണ്ടായ വന്‍ഭൂകമ്പത്തിനു ശേഷം തുടര്‍ചലനങ്ങളുടെ എണ്ണം 292 ആയി. ഭൂമിക്കടിയില്‍ വെറും 15 കിലോമീറ്റര്‍ ആഴത്തിലായിരുന്നു 7.8 തീവ്രതയില്‍ നേപ്പാളിലനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇന്നലത്തെ ജപ്പാന്‍ ഭൂചലനത്തേക്കാളും തീവ്രത കുറഞ്ഞതെങ്കിലും പ്രഭവകേന്ദ്രത്തിന്റെ ആഴം കുറവായതാണ് നേപ്പാളില്‍ വന്‍ദുരന്തത്തിനു കാരണമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.