1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2020

സ്വന്തം ലേഖകൻ: പ്രവാസികളുടെ തൊഴിൽ പുനർനിയമനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും പുതിയ കരാറിൽ ഒപ്പുവച്ചു. കൊവിഡ്-19 പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് ഖത്തർ ചേംബറും മന്ത്രാലയവും ചേർന്ന് ആരംഭിച്ച തൊഴിൽ പോർട്ടലിനെ പിന്തുണയ്ക്കുന്നതാണ് പുതിയ കരാർ. ഇക്കഴിഞ്ഞ ജൂലൈയിലാണ് പോർട്ടൽ ആരംഭിച്ചത്.

കരാർ പ്രകാരം ചേംബറിന്റെയും മന്ത്രാലയത്തിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന സംയുക്ത കമ്മിറ്റി രൂപീകരിക്കും. ഇരുകക്ഷികളുടെയും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ ലക്ഷ്യമിട്ടാണ് കമ്മിറ്റി. തൊഴിൽ പുനർനിയമനത്തിന് സഹകരണം ശക്തിപ്പെടുത്തുക, തുടർ നടപടികൾ, സംയുക്ത പദ്ധതികൾ നടപ്പാക്കൽ എന്നിവയാണ് കരാറിൽ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഖത്തർ ഐഡിയുള്ള വിദഗ്ധ തൊഴിലാളികൾക്കും തൊഴിൽരഹിതർക്കുമാണ് പോർട്ടലിൽ ബയോഡേറ്റ സമർപ്പിക്കാൻ അനുമതി.

കമ്പനികൾക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനും പോർട്ടലിലൂടെ കഴിയും. സേവനം സൗജന്യമാണ്. പ്രാദേശിക തൊഴിൽ വിപണിയിൽ വിദഗ്ധ തൊഴിലാളികളുടെ തൊഴിൽ പുനർനിയമനം ഉറപ്പാക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം. ഉദ്യോഗാർഥികളെ തേടി ഇതിനകം രണ്ടായിരത്തിലധികം കമ്പനികൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് പുതിയ തൊഴിൽ പ്രതീക്ഷകളാണ് പോർട്ടൽ നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.