1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2020

സ്വന്തം ലേഖകൻ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു.

തുരങ്കപാത പ്രദേശത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞ് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇന്ന് തുരങ്കപാത പദ്ധതി എത്തിനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

“പല പദ്ധതികളും ചിലപ്പോള്‍ എതിര്‍പ്പുകള്‍ കാരണം അട്ടിമറിക്കപ്പെടാറുണ്ട്. അനാവശ്യമായ വിവാദങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുന്നത് നാടിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിന് സാധ്യമല്ല. എന്നാല്‍ ശരിയായ ആശങ്കകളെ സര്‍ക്കാര്‍ ആ രീതിയില്‍ കാണും. ഗൗരവമായ പഠനം നടത്തിയതിനു ശേഷമാണ് വനഭൂമിക്കടിയില്‍ പാറ തുരന്ന് 7 കിമി ദൂരമുള്ള തുരങ്ക പാത നിര്‍മ്മിക്കുന്നത്. രാജ്യത്തിലെ തന്നെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്കപാതയാണിത്. വൈദഗ്ധ്യം ഉള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പേറേഷനെയാണ് പദ്ധതി ഏല്‍പിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ തുരങ്കപാത പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“ബെംഗളൂരു മൈസൂരു തുടങ്ങിയ വാണിജ്യ വ്യവസായ ടൂറിസ്റ്റ് മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. താമരശ്ശേരി ചുരത്തിലൂടെയായിരുന്നു ഇത്രനാളത്തെയും നമ്മുടെ യാത്ര. ഇത് വലിയ സമയനഷ്ടമുണ്ടാക്കിയിരുന്നു. മണ്ണിടിച്ചില്‍ കാലവര്‍ഷക്കെടുതി എന്നിവ താമരശ്ശേരി ചുരത്തില്‍ പലപ്പോഴും ഗാതാഗത സ്തംഭനത്തിനിടയാക്കി . വനമേഖലയിലൂടെ റോഡ് പോകുന്നതു കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിമിതി ഉണ്ടായിരുന്നു. ബദലായ സംവിധാനം ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ ഭാഗമായാണ് തുരങ്കപാത എന്ന ആശയം ഉടലെടുക്കുന്നത്”.

“തിരുവമ്പാടി കള്ളാടി മേഖലകളില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനമാകുക. 900 കോടിയാണ് നിര്‍മ്മാണ ച്ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍വ്വെ, സാങ്കേതിക പഠനം എന്നിവ കഴിഞ്ഞാലേ കൃത്യമായ ചിലവ് മനസ്സിലാവൂ.

വ്യാവസായിക വിനോദ സഞാര മേഖലയില്‍ വന്‍ ഉത്തേജനം ഈ തുരങ്കത്തിലൂടെ സാധ്യതമാകും. കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് ഗാഗതവും സുഗമമാവും. പരിസ്ഥി പ്രദേശമായ താമരശ്ശേരി ചുരത്തിന്റെ വാഹനബാഹുല്യവും തുരങ്കം മൂലം കുറയും. അത്തരത്തിൽ താരശ്ശേരി ചുരത്തിന്റെ സംരക്ഷണം തുരങ്കം യാഥാർഥ്യമാവുന്നതോടെ ഉറപ്പുവരുത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.