1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2010


അബിദ്ജാന്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഐവറി കോസ്റ്റില്‍ നിന്ന്, തിരഞ്ഞെടുപ്പില്‍ വിജയിച്ച അലസാനെ ഔട്ടാരയുടെ അനുയായികളായ പതിനാലായിരത്തോളം പേര്‍ അയല്‍രാജ്യമായ ലൈബീരിയയിലേയ്ക്ക് പലായനം ചെയ്തു.
അഭയാര്‍ഥികള്‍ക്കായി യു.എന്‍. നിരവധി ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ഭൂരിഭാഗം പേരും ലൈബീരിയയിലേയ്ക്ക് കടന്നത്. ഇവരിലേറെയും ഐവറി കോസ്റ്റിന്റെ വടക്കന്‍ ഭാഗങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സിയുടെ ഒരു വക്താവ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഔട്ടാര സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. യു.എന്‍. സേനയുടെ സംരക്ഷണത്തില്‍ അബിദ്ജാനിലെ ഒരു ഹോട്ടലിലാണ് ഔട്ടാരയുടെ ക്യാബിനെറ്റ് പ്രവര്‍ത്തിക്കുന്നത്.
അതിനിടെ ഔട്ടാരയെ മറിച്ചിട്ട് അധികാരം പിടിച്ചെടുത്ത ഗബാഗ്‌ബൊ യു.എന്‍, ഫ്രഞ്ച് സേനകളോട് അടിയന്തിരമായി രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. തന്റെ ഉത്തരവ് മാനിച്ചില്ലെങ്കില്‍ കര്‍ശന നടപടിക്ക് വിധേയരാകേണ്ടിവരുമെന്നും ഗബാഗ്‌ബൊ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പതിനായിരത്തോളം പേരെ വിന്യസിച്ചിരിക്കുന്ന സമാധാനസേന ഈ ആവശ്യം തള്ളിക്കളഞ്ഞു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘര്‍ഷത്തില്‍ ഏതാണ്ട് 170 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍ . ആരോപിക്കുന്നത്. ഗബാഗ്‌ബോയോട് വിധേയത്വം പുലര്‍ത്തുന്ന സൈന്യമാണ് ഈ അതിക്രമങ്ങള്‍ക്ക് പിറകിലെന്നും യു.എന്‍ വക്താക്കള്‍ ആരോപിച്ചു.
കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പ് 2002 ലെ രക്തരൂക്ഷിത കലാപത്തിന്റെ മുറിവുകള്‍ ഉണക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പുഫലം അട്ടിമറിച്ച് ഗബാഗ്‌ബൊ അധികാരം പിടിച്ചെടുത്തതോടെ കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയില്‍ ഔട്ടാരയ്ക്കും ക്രിസ്ത്യാനികള്‍ക്ക് ആധിപത്യമുള്ള തെക്കന്‍ മേഖലയില്‍ ഗബാഗ്‌ബോയ്ക്കുമായിരുന്നു തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചത്. എന്നാല്‍, വടക്കന്‍ മേഖലയില്‍ വോട്ടെടുപ്പില്‍ വ്യാപകമാതോതില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു ഗബാഗ്‌ബോയുടെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.