1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2010

സാരിക്കാരി നേതാവെന്ന് യുകെയിലും പിന്നീട് ലോകമെമ്പാടും അറിയപ്പെട്ട ഇന്ത്യന്‍ വംശജയായ ജയാ ബെന്‍ ദേശായി (77) അന്തരിച്ചു.ഗുജറാത്തില്‍ നിന്നു ടാന്‍സനിയയിലേക്കാണ് ജയയുടെ കുടുംബം ചേക്കേറിയത്. അവിടെനിന്നാണ് യുകെയില്‍ എത്തിയത്. എഴുപതുകളിലാണ് ചരിത്ര പോരാട്ടത്തിലൂടെ ലണ്ടനിലെ ഗ്രുണ്‍വിക് ഫിലിം പ്രോസസിങ് ലബോറട്ടറികളില്‍ പണിയെടുക്കുന്ന കുടിയേറ്റക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ചെറിയ  പ്രതിഫലം മാത്രം നല്‍കി കഠിനമായി പണിയെടുപ്പിക്കുകയായിരുന്നു ഈ സ്ത്രീകളെ.

ഇവരെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കാന്‍ ശ്രമിച്ച മാനേജരോടു കലഹിച്ച് 1976 ഓഗസ്റ്റ് 20നു ജയ ബെന്‍, മകന്‍ സുനിലുമൊത്തു ഫാക്ടറി ബഹിഷ്‌കരിച്ചു. താന്‍ നടത്തുന്നത് ഫാക്ടറിയല്‌ള, കാഴ്ചബംഗ്‌ളാവാണ്. മൃഗശാലയില്‍ പലതരം മൃഗങ്ങളുണ്ട്. ചിലതു കുരങ്ങന്മാരാണ്. അവര്‍ തന്റെ താളത്തിനു തുള്ളിയെന്നിരിക്കും. എന്നാല്‍, മറ്റു ചിലതു സിംഹങ്ങളാണ്. അവര്‍ വന്നു തന്റെ തല കടിച്ചെടുക്കും. ആ സിംഹങ്ങളാണു ഞങ്ങള്‍. മനസ്‌സിലായോ മിസ്റ്റര്‍ മാനേജര്‍? എന്നു പറഞ്ഞുകൊണ്ടാണ് ജയ ഇറങ്ങിപ്പോന്നത്.

പിന്നീട്, മറ്റു തൊഴിലാളികളുമായി ചേര്‍ന്ന് അവര്‍ ട്രേഡ് യൂണിയനു രൂപംകൊടുത്തു. യൂണിയന്‍ ഫാക്ടറി പിക്കറ്റ് ചെയ്തു. പ്രാദേശിക യൂണിയനുകളും കറുത്ത വര്‍ഗക്കാരുടെ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കു പിന്തുണയുമായി രംഗത്തുവന്നു. അങ്ങനെ സമരം മാദ്ധ്യമശ്രദ്ധ നേടി. മൊത്തം 137 തൊഴിലാളികള്‍ സമരരംഗത്തെത്തി – കൂടുതലും സാരി ധരിച്ച സ്ത്രീകളായിരുന്നു. സാരി ധരിച്ച സമരക്കാര്‍ എന്നു പത്രങ്ങള്‍ അവരെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഗ്രുണ്‍വിക് ലബോറട്ടറിയിലെ സമരം വിജയിച്ചില്ല. എന്നാല്‍, ബ്രിട്ടനിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സമരം വിജയിച്ചു. അതിനു മുന്‍കൈയെടുത്ത വനിതാ നേതാവ് എന്ന നിലയില്‍ ജയാ ബെന്‍ ചരിത്രത്തില്‍ സ്ഥാനം നേടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.