1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകയായ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും സരിത് മൊഴിനല്‍കി.

അതേസമയം പിടിയിലായ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍ പി.ആര്‍.ഒ അല്ലെന്ന് തെളിഞ്ഞു. ഒരിടപാടിന് 15 ലക്ഷം രൂപ വരെയാണ് കമ്മീഷന്‍ വാങ്ങിയിരുന്നതെന്നും എന്നും സരിത് വെളിപ്പെടുത്തി. സ്വര്‍ണം വിമാനത്തിന് പുറത്തെത്തിക്കുകയായിരുന്നു സരിതിന്റെ പ്രധാന ചുമതല. നേരത്തെയും ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന പേരിലാണ് സ്വര്‍ണം പുറത്തെത്തിച്ചിരുന്നത്.

കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്ന സരിത് പി.ആര്‍.ഒ ചമഞ്ഞ് പലരെയും തെറ്റിധരിപ്പിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.
പരിശോധിക്കാന്‍ എത്തിയവരെ സരിത് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തലുണ്ട്. സരിത്തിന്റെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്.

അതേസമയം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന അന്വേഷണത്തിന് പൂര്‍ണ പിന്തുണ അറിയിച്ച് യു.എ.ഇ എംബസി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയിലാണ് സ്വര്‍ണം പിടികൂടിയത്.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കി. യു.എ.ഇ. കോൺസുലേറ്റിൽ നേരത്തെ ജോലിചെയ്തിരുന്ന സരിത്തിനെയും സ്വപ്നയെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇരുവരുടെയും ചില വഴി വിട്ട ബന്ധങ്ങളും അനധികൃത ഇടപാടുകളുമാണ് ജോലി തെറിപ്പിച്ചതെന്നാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിൽ എക്സിക്യുട്ടിവ് സെക്രട്ടറിയായിരുന്നു സ്വപ്ന.

അതേസമയം, നിലവിൽ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്ഐ.ടിയിൽ ഓപ്പറേഷണൽ മാനേജറായ സ്വപ്ന സുരേഷിനെ ഐ.ടി. വകുപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സ്വപ്നയുടെ നിയമനത്തെചൊല്ലിയും വിവാദമുയർന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി സ്വ‍ർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി യുഎഇ. സ്വ‍ർണക്കടത്തിൽ യുഎഇ എംബസിക്കോ നയതന്ത്ര ഉദ്യോ​ഗസ്ഥ‍ർക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസഡ‍ർ അറിയിച്ചു. ഇപ്പോൾ യുഎഇയിലുള്ള അംബാസഡ‍ർ അഹമ്മദ് അൽ ബന്ന അവിടെ വച്ചു മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്.

ഇത്തരം നടപടികളെ ഒരു രീതിയിലും അം​ഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ചെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡ‍ർ വ്യക്തമാക്കി. സംഭവത്തിൻ്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡ‍ർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.