കുട്ടികളെ ശരിയായി പരിപാലിക്കുന്നില്ലെന്നാരോപിച്ച് നോര്‍വീജിയന്‍ അധികൃതര്‍ ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ ഏറ്റെടുത്ത സംഭവം പുതിയ വഴിത്തിരിവില്‍. കുട്ടികള്‍ക്കു കൈകൊണ്ടു ഭക്ഷണം കൊടുക്കുന്നു, കൂടെ കിടത്തി ഉറക്കുന്നു എന്നൊക്കെ ആരോപിച്ചാണ് അധികൃതര്‍ ഏറ്റെടുത്തതെന്നും, ഇന്ത്യന്‍ സംസ്കാരം മനസിലാകാത്തതുകൊണ്ടാണ് ഇതു സംഭവിച്ചതെന്നുമാണ് അച്ഛന്‍ അനുരൂപ് ഭട്ടാചാര്യയും അമ്മ സാഗരികയും ഇതുവരെ വാദിച്ചിരുന്നത്.
എന്നാല്‍, സാഗരികയ്ക്കു ചില മാനസികപ്രശ്നങ്ങളുള്ളതിനാല്‍ വിവാഹമോചനത്തിനു ശ്രമിക്കുകയാണെന്ന് അനുരൂപിന്‍റെ പുതിയ വെളിപ്പെടുത്തല്‍. മാനസിക പ്രശ്നം നേരത്തേയുള്ളതാണ്. കുട്ടികളെ വിട്ടുകിട്ടുന്നതിനു തടസമാകുമോ എന്ന ആശങ്ക കാരണം ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു എന്നും അനുരൂപ്. ഇതുവരെ ഭാര്യയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കഴിഞ്ഞ രാത്രി അവളില്‍നിന്ന് ആക്രമണവും നേരിടേണ്ടി വന്നു. ഇനി സഹിക്കാന്‍ കഴിയില്ലെന്നും അനുരൂപ്.
ഇതെക്കുറിച്ച് സാഗരികയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും മന്ത്രി എസ്.എം. കൃഷ്ണയും നയതന്ത്ര തലത്തില്‍ നടത്തിയ ശ്രമങ്ങളെത്തുടര്‍ന്ന് കുട്ടികളെ അനുരൂപിന്‍റെ സഹോദരന്‍ അരുണഭാഷിനു വിട്ടുകൊടുക്കാന്‍ നോര്‍വീജിയന്‍ അധികൃതര്‍ സമ്മതിച്ചിരുന്നു. ഇതിനായി അരുണഭാഷ് നോര്‍വേയിലെത്തിയതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒന്നും മൂന്നും വയസുള്ള കുട്ടികളെ 2011ലാണ് അധികൃതര്‍ ഏറ്റെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല