സിറിയയില്‍ ഇടപെടാന്‍ ഉദ്യമിക്കരുതെന്ന് പാശ്ചാത്യരാജ്യങ്ങള്‍ക്കു പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ താക്കീത്.പാശ്ചാത്യര്‍ ഇടപെട്ടാല്‍ സിറിയ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും പശ്ചിമേഷ്യ കത്തുമെന്നും ബ്രിട്ടനിലെ സണ്‍ഡേ ടെലഗ്രാഫിന് അനുവദിച്ച അപൂര്‍വ ഇന്റര്‍വ്യൂവില്‍ അസാദ് മുന്നറിയിപ്പു നല്‍കി. ഈജിപ്തും ടുണീഷ്യയും പോലെയല്ല സിറിയയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.ഇവിടത്തെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഇവിടെ തൊട്ടാല്‍ ഭൂകമ്പമുണ്ടാവും. പശ്ചിമേഷ്യയുടെ കേന്ദ്രസ്ഥാനമായ സിറിയയില്‍ ഉണ്ടാവുന്ന കുഴപ്പം പശ്ചിമേഷ്യയെ മുഴുവന്‍ കത്തിക്കും- അസാദ് പറഞ്ഞു.
സിറിയയില്‍ ജനാധിപത്യത്തിനു വേണ്ടി പ്രക്ഷോഭം നടത്തുന്നവരെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കാനും ആവശ്യമായ ഭരണപരിഷ്കാരങ്ങള്‍ക്കു തയാറാവാനും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസാദ് പാശ്ചാത്യ ഇടപെടലിനെതിരേ ഭീഷണിമുഴക്കിയത്. സൈനിക നടപടി അവസാനിപ്പിക്കണമെന്നും പൌരന്മാര്‍ക്കു സംരക്ഷണം നല്‍കണമെന്നും അറബി ലീഗും സിറിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച സിറിയയുടെ വിവിധഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ സൈനികരും പ്രക്ഷോഭകാരികളും ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കു ജീവഹാനി നേരിട്ടു. ഹമാ, ഹോംസ് പട്ടണങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രസിഡന്റ് അസാദിന്റെ രാജി ആവശ്യപ്പെട്ട് മാര്‍ച്ചില്‍ ആരംഭിച്ചപ്രക്ഷോഭത്തില്‍ ഇതിനകം മൂവാ യിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്െടന്നു യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനാളുകള്‍ ജയിലിലാണ്. പ്രക്ഷോഭകരെ നേരിടുന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കരിന്റെ ഭാഗത്തുനിന്നു ചില പാളിച്ചകളുണ്ടായതായി അസാദ് ഇന്റര്‍വ്യൂവില്‍ സമ്മതിച്ചു. എന്നാല്‍ തീവ്രവാദികളെ മാത്രമേ ഇപ്പോള്‍ സൈന്യം ലക്ഷ്യമിടുന്നുള്ളുവെന്ന് അസാദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല