ഭഗവദ്ഗീതറഷ്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധി 28ലേക്കു നീട്ടിവച്ചതായി സൈബീരിയയിലെ ടോംസ്കിലെ കോടതി അറിയിച്ചു. റഷ്യന്‍ ഓംബുഡ്സ്മാന്റെയും മോസ്കോയിലെയും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെയും ഇന്‍ഡോളജി വിദഗ്ധരുടെയും അഭിപ്രായം അറിഞ്ഞശേഷമേ വിധി പ്രസ്താവിക്കാവൂ എന്ന ഇസ്കോണ്‍ അഭിഭാഷകന്റെ അഭ്യര്‍ഥന മാനിച്ചാണ് വിധി നീട്ടിവച്ചത്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്(ഇസ്കോണ്‍) സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച പുസ്തകത്തിന്റെ റഷ്യന്‍ പരിഭാഷ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മോസ്കോയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകമെങ്ങും ആദരിക്കപ്പെടുന്ന പുസ്തകമാണ് ഭഗവദ് ഗീതയെന്നും ഇത് നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും നേരത്തെ റഷ്യന്‍ ഓംബുഡ്സ്മാന്‍ വ്ളാഡിമിര്‍ ലുകിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.
ഭഗവദ് ഗീത തീവ്രവാദപരമാണെന്നാരോപിച്ച് ഒരു യാഥാസ്ഥിതിക ക്രൈസ്തവസംഘടന നല്‍കിയ കേസില്‍ തിങ്കളാഴ്ചയായിരുന്നു വിധി പറയേണ്ടിയിരുന്നത്. പ്രശ്‌നം ഇന്ത്യയിലും വന്‍വിവാദമാവുകയും ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് രണ്ടുതവണ നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തിരിക്കേയാണ് കോടതി വിധി മാറ്റിയത്.
അതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദുമതവിശ്വാസികള്‍ യോഗം ചേര്‍ന്ന് ഹിന്ദു കൗണ്‍സില്‍ ഓഫ് റഷ്യ രൂപവത്കരിച്ച് തങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. റഷ്യയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളുടെ സഹായവും അവര്‍ തേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല