1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: അമേരിക്കയില്‍ കാപ്പിറ്റോൾ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ആരാണ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി എത്തിയതെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. മലയാളിയായ വിന്‍സന്റ് പാലത്തിങ്കലാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍സന്റ് പാലത്തിങ്കല്‍ മനോരമ ന്യൂസില്‍ പ്രതികരണവുമായെത്തിയിരുന്നു.

അക്രമിക്കാനല്ല, മാന്യമായ സമരത്തിന് മാത്രമാണ് പോയതെന്നാണ് വിന്‍സന്റ് പറഞ്ഞത്. പത്ത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നെന്നും തങ്ങളെ അക്രമികളായി മുദ്ര കുത്തരുതെന്നും വിന്‍സന്റ് പറഞ്ഞു.

സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്നും ആദ്യമായാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിക്കുന്നതെന്നും വിന്‍സന്റ് പറഞ്ഞു. വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നും വിന്‍സന്റ് പറയുന്നു. ഡെമോക്രാറ്റുകളാണ് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയതെന്നും വിന്‍സന്റ് പറഞ്ഞു.

“അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയത്. മാന്യമായിട്ട് ജീവിക്കുന്ന ആളാണ്. കലഹത്തിനും പ്രക്ഷോഭത്തിനും പോകുന്ന ആളല്ല ഞാന്‍. പത്ത് ലക്ഷത്തോളം പേര്‍ അവിടെയുണ്ടായിരുന്നു. അതില്‍ പത്തോ പതിനഞ്ചോ പേരാണ് സാഹസികമായി മതിലില്‍ പിടിച്ചുകയറി അക്രമമുണ്ടാക്കിയത്. മിലിട്ടറിയിലുള്ള പരിശീലനം സിദ്ധിച്ചവരെ പോലെയുള്ളവരായിരുന്നു അവര്‍. അവര്‍ വാതില്‍ തുറന്നു. പിന്നീട് അമ്പതോളം പേര്‍ അകത്തു കയറി. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. ഇത്തരം അക്രമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല. കാരണം ഇതിന്റെ പ്രശ്‌നം മുഴുവന്‍ ഉണ്ടായത് ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ കേസിന്റെ വാലിഡിറ്റിയാണ് നഷ്ടപ്പെട്ടത്,” വിന്‍സന്റ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടക്കാനുള്ള നിരവധി സാധ്യതകളുണ്ടെന്ന് പറഞ്ഞ വിന്‍സന്റ് അത് തെളിയിക്കാന്‍ കുറച്ചു സമയം വേണമെന്നും പറഞ്ഞു. അഴിമതിയുണ്ടെന്ന് വൈസ് പ്രസിഡന്റിന് അറിയാം. അത് തെളിയിക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞാല്‍ എല്ലാവരും അത് വിട്ടുകളഞ്ഞുപോകും. പക്ഷെ ട്രംപ് വ്യത്യസ്തനാണ്. അദ്ദേഹം പോരാടും. ആ അഴിമതി തടയാന്‍ ശ്രമിക്കുന്നു. അതിനാണ് ഞങ്ങള്‍ ട്രംപിനോട് നന്ദി പറയുന്നതെന്നും വിന്‍സന്റ് പറഞ്ഞു.

അതേസമംയ ട്രംപ് അനുകൂലികള്‍ക്കൊപ്പം ഇന്ത്യന്‍ പതാക പിടിച്ച് അണിചേര്‍ന്ന പ്രതിഷേധക്കാര്‍ക്കതെിരെ വിമര്‍ശനം ശക്തമായിരുന്നു. പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിയടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക പാറുന്നത്? ഇത് തീര്‍ച്ചയായും നമ്മള്‍ പങ്കെടുക്കേണ്ടതില്ലാത്ത ഒരു പോരാട്ടമാണ്’ എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്.

കാപ്പിറ്റോൾ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്.

”അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.