1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക്കുകള്‍ അടക്കമുള്ളവക്ക് വലിയ ക്ഷാമമാണ് ലോകരാജ്യങ്ങള്‍ നേരിടുന്നത്. കോവിഡ് ഇപ്പോള്‍ കൂടുതല്‍ ഭീതി പടര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് മാസ്‌ക് യുദ്ധത്തിലെ പ്രധാന കക്ഷികള്‍. തങ്ങളുടെ രാജ്യത്തേക്കുള്ള മാസ്‌ക് ഓര്‍ഡര്‍ അമേരിക്ക കടത്തിയെന്ന ആരോപണങ്ങള്‍ ജര്‍മ്മനി അടക്കം നിരവധി രാജ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു.

ബര്‍ലിനിലെ മുതിര്‍ന്ന സര്‍ക്കാര്‍ വക്താവായ ആന്‍ഡ്രിയാസ് ഗെയ്‌സെലാണ് അമേരിക്ക ‘ആധുനിക മോഷണം’ നടത്തുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബര്‍ലിന്‍ പൊലീസിന് വേണ്ടി ചൈനയില്‍ നിന്നും ബാങ്കോക്ക് വഴി വന്നിരുന്ന രണ്ട് ലക്ഷം മാസ്‌കുകള്‍ അമേരിക്ക കമ്പനിയെ സ്വാധീനിച്ച് കടത്തിയെന്നാണ് ആരോപണം.

ജര്‍മ്മന്‍ പൊലീസിനായി മാസ്‌കുകള്‍ എത്തിക്കാന്‍ കരാറെടുത്തിരുന്നത് അമേരിക്കന്‍ കമ്പനിയായ 3എം ആണെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവര്‍ മാസ്‌കുകള്‍ ജര്‍മ്മനിയിലെത്തിക്കാതെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം തങ്ങള്‍ക്ക് ബര്‍ലിന്‍ പൊലീസുമായി കരാറില്ലെന്നാണ് 3എമ്മിന്റെ വിശദീകരണം.

നേരത്തെ ട്രംപ് തന്നെ 3എമ്മിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തെ ഗുരുതര സാഹചര്യത്തിലും മാസ്‌കുകള്‍ കയറ്റുമതി ചെയ്യുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അമേരിക്കന്‍ കമ്പനിയായ 3എമ്മിനു വേണ്ടി മാസ്‌ക് നിര്‍മിച്ചു നല്‍കുന്നത് ഒരു ചൈനീസ് കമ്പനിയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയക്കരുതെന്ന് ട്രംപ് സര്‍ക്കാര്‍ 1950ലെ പ്രത്യേക നിയമം അനുസരിച്ച് ഉത്തരവിടുകയും ചെയ്തിരുന്നു.

തങ്ങള്‍ക്കുള്ള വെന്റിലേറ്ററുകള്‍ തുര്‍ക്കി തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആരോപണവുമായി സ്പാനിഷ് വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു. നേരത്തെ പണം നല്‍കിയ വെന്റിലേറ്ററുകളാണ് തടഞ്ഞുവെച്ചിരുന്നതെന്നും സ്‌പെയിന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് തത്ക്കാലം വെന്റിലേറ്ററുകള്‍ കയറ്റി അയക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് തുര്‍ക്കിയുടെ വിശദീകരണം. എത്രയും വേഗത്തില്‍ സ്‌പെയിനിന് ആവശ്യമായ വെന്റിലേറ്ററുകള്‍ നല്‍കുമെന്നും തുര്‍ക്കി അറിയിച്ചിട്ടുണ്ട്.

തങ്ങള്‍ക്കുള്ള മാസ്‌ക് അടക്കമുള്ള അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളുടെ ചൈനയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മൂന്നോ നാലോ തവണ അമേരിക്കന്‍ കമ്പനികള്‍ തടഞ്ഞെന്ന് ഫ്രാന്‍സും വ്യക്തമാക്കുന്നുണ്ട്. അതേസമയം അമേരിക്കയിലെ ഏത് കമ്പനികളാണ് ഇടപെട്ടതെന്ന് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല. കരാര്‍ പ്രകാരം കൈമാറിയ തുകയുടെ രണ്ടോ മൂന്നോ ഇരട്ടി നല്‍കിയാണ് അമേരിക്ക അട്ടിമറി നടത്തുന്നതെന്നും ആരോപണമുണ്ട്.

പി.പി.ഇ കിറ്റുകള്‍ തടഞ്ഞുവെച്ചെന്ന ആരോപണം ഫ്രാന്‍സിനെതിരെയും ഉയരുന്നുണ്ട്. ഫ്രഞ്ച് കമ്പനിയായ വാല്‍മി സാസിന്റെ ബ്രിട്ടനിലേക്കുള്ള ഓര്‍ഡറുകളാണ് ഫ്രാന്‍സ് തുറമുഖത്ത് തടഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ തടഞ്ഞിരിക്കുകയാണെന്നാണ് ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങി കോവിഡ് വലിയതോതില്‍ ബാധിച്ച രാജ്യങ്ങളെല്ലാം അത്യാവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.