1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2017

സ്വന്തം ലേഖകന്‍: ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം, 45 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, സ്‌ഫോടനം നടന്നത് പ്രാര്‍ഥനാ സമയത്ത്. കെയ്‌റോയ്ക്ക് 120 കിലോമീറ്റര്‍ അകലെ വടക്കന്‍ കെയ്‌റോയിലെ ടാന്‍ട ഡല്‍റ്റാസിറ്റിയിലെ പള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ 41 ഓളം പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഈ മാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇവിടം സന്ദര്‍ശിക്കാനിരിക്കെയാണ് അപകടം.

പ്രാര്‍ഥനാസമയമായ രാവിലെ പത്തിനാണ് ടാന്‍ട നഗരത്തില്‍ സെന്റ് ജോര്‍ജ് കോപ്റ്റിക് പള്ളിയില്‍ സ്‌ഫോടനമുണ്ടായത്. കുര്‍ബാന നടക്കുന്നതിനിടെ ചാവേര്‍ സ്‌ഫോടനമുണ്ടായെന്നാണു ടിവി റിപ്പോര്‍ട്ട്. എന്നാല്‍, പള്ളിക്കകത്തു സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഈജിപ്ത് അധികൃതര്‍ അറിയിച്ചത്. അടുത്തകാലത്തായി ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റ് വിഭാഗത്തിനുനേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്. കോപ്റ്റിക് ക്രൈസ്തവര്‍ക്കുനേരെ സമീപകാലത്തു നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.

മണിക്കൂറുകള്‍ക്കുശേഷം അലക്‌സാന്‍ഡ്രിയയിലെ സെന്റ് മാര്‍ക് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കവാടത്തിലെ ചാവേറാക്രമണത്തില്‍ 18പേര്‍ കൊല്ലപ്പെട്ടു; 66 പേര്‍ക്കു പരുക്കേറ്റു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പുറത്തേക്കു വരുമ്പോഴായിരുന്നു സ്‌ഫോടനം. പള്ളിക്കകത്തേക്കു പ്രവേശിക്കാനെത്തിയ ചാവേറിനെ സുരക്ഷാ സൈനികര്‍ തടഞ്ഞപ്പോഴാണു സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുര്‍ബാന നയിച്ച പോപ്പ് തവദ്രോസ് രണ്ടാമന്‍ പള്ളിവിട്ടശേഷമായിരുന്നു ഭീകരാക്രമണം.

ഇസ്‌ളാമിക് പ്രസിഡന്റ് മുഹമ്മദ് മോസിക്കെതിരായ പട്ടാള അട്ടിമറിയെ അനുകൂലിച്ചെന്ന് ആരോപിച്ചാണ് ഭീകരവാദികള്‍ ഇവരെ ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബറിലെ ഒരു ഞായറാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 29 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ വിജയാഘോഷ ദിനമായ ഓശാന ഞായറിലുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഐഎസ് രണ്ടു സ്‌ഫോടനങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ടാന്‍ഡയിലെ സിദി അബ്ദല്‍ മുസ്‌ലിം പള്ളിയില്‍ സ്ഥാപിച്ച രണ്ടു സ്‌ഫോടക വസ്തുക്കള്‍ സുരക്ഷാസേന കണ്ടെത്തി നിര്‍വീര്യമാക്കി. ഈ മാസം 28നും 29നും ഫ്രാന്‍സിസ് മാര്‍പാപ്പ ഈജിപ്ത് സന്ദര്‍ശിക്കാനിരിക്കുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.