1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2021

സ്വന്തം ലേഖകൻ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി. ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു.

കൊച്ചി മുതല്‍ മംഗളൂരു വരെയാണ്‌ പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 3226 കോടി രൂപയാണ്‌ പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.

പൈപ്പ് ലൈന്‍ വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുമുള്ള പ്രകൃതിവാതകം.(പി.എന്‍.ജി) വീടുകളിലെത്തും. വ്യവസായങ്ങള്‍ക്കും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി.) വാഹനങ്ങള്‍ക്കും കിട്ടും.

ഇത് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെയും കര്‍ണാടകത്തിലേയും ജനങ്ങള്‍ക്ക്‌ വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

വികസനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം. പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. പദ്ധതി അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ കാരണമാകും. ഇത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.

വ്യവസായ ഇന്ധനം മാത്രമല്ല, എൽഎൻജി. ചെറിയ കുഴലുകളിലൂടെ അടുക്കളകളിലെത്തിച്ചു പാചക ആവശ്യത്തിന് (പിഎൻജി – പൈപ്ഡ് നാച്വറൽ ഗ്യാസ്) ഉപയോഗിക്കാം. വാഹന ഇന്ധനമായി (സിഎൻജി – കംപ്രസ്ഡ് നാച്വറൽ ഗ്യാസ്)ഉപയോഗിക്കാമെന്നതാണ് മറ്റൊരു ഉപയോഗം. പെട്രോൾ ബങ്കുകളിലൂടെ തന്നെയാണു സിഎൻജിയും ലഭിക്കുന്നത്.

കൊച്ചി – മംഗളൂരു പൈപ്‌ലൈനിൽ നിന്നു ചെറുകുഴലുകൾ വഴി സംസ്ഥാനമൊട്ടുക്കും ഗാർഹിക മേഖലകളിൽ അടുക്കള വാതകം എത്തിക്കുകയാണു സിറ്റി ഗ്യാസ് പദ്ധതിയുടെ ലക്ഷ്യം. പ്രധാന വാതകക്കുഴലും അതിൽ നിന്നുള്ള അസംഖ്യം ചെറു കുഴലുകളും ചേരുന്ന വമ്പൻ വാതക വിതരണ ശൃംഖലയെന്നു വിശേഷിപ്പിക്കാം, സിറ്റി ഗ്യാസ് പദ്ധതിയെ.

പദ്ധതി 2016ൽ ആരംഭിച്ചെങ്കിലും കൊച്ചി മേഖലയിൽ മാത്രമാണു ഭാഗികമായെങ്കിലും നടപ്പായത്. പദ്ധതിക്ക് അനുമതി ലഭിച്ച് 5 വർഷമായിട്ടും നൽകാനായതു കഷ്ടിച്ച് 3,000 സിറ്റി ഗ്യാസ് കണക്‌ഷനുകൾ. എറണാകുളം ജില്ലയിലെ കളമശേരി, തൃക്കാക്കര നഗരസഭകളിലാണു ലഭ്യത. ഏതാനും നഗരസഭകളിൽകൂടി പൈപ്പിടൽ നടക്കുന്നു. തുടക്കത്തിൽ നഗരമേഖലകളിലും പിന്നീടു ഗ്രാമ മേഖലകളിലും വാതകമെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.