1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടി, ഡിവോഴ്‌സ് ഇതാണ് ഇന്നത്തെ കുടുംബങ്ങളുടെ രീതി. പലര്‍ക്കും സ്വയം നിയന്ത്രക്കാനാകുന്നില്ല. തിരക്കും സമ്മര്‍ദ്ദവും ക്ഷമയേയും സഹനശക്തിയേയും ദമ്പതികളുടെ ഇടയില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. എന്നാല്‍ കുറച്ചൊന്നു ചിന്തിച്ചാല്‍, പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്താല്‍ പല പ്രശ്‌നങ്ങളും നിസാരമായി പരിഹരിക്കാനാകുന്നതേയുളളു.

പഴയ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക

ജോലിസ്ഥലത്തെ തിരക്കും സമ്മര്‍ദ്ധവും ഒക്കെയാകും പലരുടേയും ജീവിതത്തില്‍ നിന്ന് പ്രണയത്തെ പുറത്താക്കുന്നത്. കുറച്ചുനേരം പങ്കാളിക്കായി മാറ്റിവെയ്ക്കാനോ മനസ്് തുറന്ന് സംസാരിക്കാനോ പലര്‍ക്കും സമയം ഉണ്ടാകാറില്ല. തെറ്റിദ്ധാരണകള്‍ വളരാനും മുന്നോട്ടുളള ജീവിതത്തെ ദുസ്സഹമാക്കാനും മാത്രമേ ഇതു സഹായിക്കു. എന്തെങ്കിലും കാരണത്താല്‍ പങ്കാളി ദേഷ്യപ്പെടുമ്പോള്‍ അതിലും ഉറക്കെ അതിനെതിരേ പ്രതികരിക്കാതെ പങ്കാളി പറയുന്നത് ശാന്തമായി കേള്‍ക്കൂ, പിന്നീട് പഴയ ജീവിതത്തെ പറ്റി പങ്കാളിയെ ഓര്‍മ്മിപ്പിക്കാം. ഒരിക്കലും അവരെ കുറ്റപ്പെടുത്താനായിരിക്കരുത് ഈ ഓര്‍മ്മിപ്പിക്കല്‍. ജീവിതത്തില്‍ പ്രണയഭരിതമായ ദിനങ്ങളുണ്ടായിരുന്നെന്നും ഇനിയും അത് നഷ്ടപ്പെട്ടിട്ടില്ലന്നും അവരെ മനസ്സിലാക്കാനായിരിക്കണം. പങ്കാളിയുടെ കണ്ണിലേക്ക് നോക്കി സംസാരിക്കുന്നത് വിശ്വാസ്യതയും അടുപ്പവും വളര്‍ത്താന്‍ സഹായിക്കും. ഒരാളോട് ക്ഷമിക്കാനുളള നിങ്ങളുടെ കഴിവാണ് ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുന്നത്.

പങ്കാളിയ്‌ക്കൊപ്പം കുറച്ച് സമയം

പലരും ജോലി കഴിഞ്ഞാല്‍, വീട്, ടിവി,ഭക്ഷണം, ഉറക്കം ഇതാകും പതിവ്. ഇതിനിടയില്‍ പങ്കാളിയെ കുറിച്ച് ശ്രദ്ധിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ സമയം കൊടുക്കാറില്ല. എന്നാല്‍ ഇനിമുതല്‍ പങ്കാളിക്കായി ദിവസത്തില്‍ കുറച്ച് സമയം മാറ്റിവെയ്ക്കു. പ്രശ്‌നങ്ങള്‍ പതിയെ ഒഴിഞ്ഞുപോകുന്നത് കാണാം. ആ സമയം മറ്റ് പ്രശ്‌നങ്ങള്‍ക്കെല്ലാം അവധി കൊടുക്കണം. പങ്കാളിയുമായി ചെറിയൊരു ഔട്ടിങ്ങിന് പോകാം. അല്ലെങ്കില്‍ വെറുതേ ഒന്ന് നടക്കാന്‍ പോകാം. കുറച്ച് ഏറെ സമയം നിങ്ങള്‍ക്ക് ചെലവഴിക്കാനുണ്ടെങ്കില്‍ മനോഹരമായ ഏതെങ്കിലും സ്ഥലത്തേക്ക് പോകൂ. പങ്കാളിക്കൊപ്പം സന്തോഷം അഭിനയിക്കാന്‍ ശ്രമിക്കരുത്. ആദ്യം കുറച്ച് ദിവസം ചിലപ്പോള്‍ ബൂദ്ധിമുട്ട് അനുഭവപ്പെട്ടാലും പതിയെ ശരിയാകും. മനസ്സ് തുറന്ന് രണ്ടുപേരും സംസാരിക്കണം. ഒരാള്‍ മാത്രം സംസാരിക്കുന്നത് ശരിയല്ല. പങ്കാളിയുടെ മനസ്സ് അറിയാന്‍ ശ്രമിക്കണം. ചിലപ്പോള്‍ മോശം പെരുമാറ്റം കാരണം നിങ്ങളുടെ പങ്കാളി മനസ്സ് തുറക്കാന്‍ തയ്യാറായില്ലന്ന് വരാം. പതിയെ അവരെ സംസാരിക്കാന്‍ പ്രേരിപ്പിക്കണം. പുതിയ അനുഭവങ്ങള്‍ അവനെ/ അവളെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും. മാത്രമല്ല ജീവിതത്തിന് പുതിയൊരു അര്‍ത്ഥമുണ്ടാകുന്നത് നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും.

പങ്കാളിയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുക

ആണും പെണ്ണും ശരിക്കും രണ്ട് തരം ജീവികള്‍ തന്നെയാണ്. ഓരോത്തര്‍ക്കും അവരുടേതായ രീതികളും ആവശ്യങ്ങളും സ്വഭാവങ്ങളും കാണും. അതുകൊണ്ട് തന്നെ പലപ്പോഴും പലര്‍ക്കും പങ്കാളിയുടെ ആവശ്യങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. നിങ്ങള്‍ പങ്കാളിയെ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നില്ലന്ന് പരാതി പറഞ്ഞാല്‍ സമാധാനത്തോടെ അവര്‍ പറയുന്നത് കേള്‍ക്കാനുളള മനസ്സ് കാണിക്കണം. എന്തുകൊണ്ട് അവരങ്ങനെ കരുതുന്നു എന്നും ചോദിക്കണം. പിന്നീട് വളരെ ശാന്തമായും സമാധാനമായും നിങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കണം. പങ്കാളി പുരുഷനോ സ്ത്രീയോ ആയതല്ല അവരോട് അങ്ങനെ പെരുമാറാന്‍ കാരണമെന്ന് പറഞ്ഞു കൊടുക്കണം. പങ്കാളിയുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ ഒരു പരിധിവരെ അവര്‍ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഇത് വഴക്ക് ഒഴിവാക്കാന്‍ സഹായിക്കും.

പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടുക

ജീവിതം പ്രണയഭരിതമാക്കാന്‍ സെക്‌സ് നല്ലൊരു മരുന്നാണ്. ദിവസം മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിതനായി വരുന്ന ഭര്‍ത്താവിനെ സ്‌നേഹത്തോടെ സ്വീകരിക്കുന്ന ഭാര്യ അയാളുടെ സമ്മര്‍ദ്ധത്തെ പൂര്‍ണ്ണമായും ഒഴുക്കി കളയും. ഒരു ഇരുപത് മിനിട്ട് ഭാര്യയുമൊത്ത് കിടക്കയില്‍ ചിലവഴിക്കു, സ്‌നേഹമില്ലാത്ത ജീവിതത്തിന് അത് നല്ലൊരു പരിഹാരമാണ്. പങ്കാളിയുമൊത്തുളള ആരോഗ്യകരമായ ലൈംഗിക ബന്ധം ലവ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോക്‌സിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും അത് ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു. എന്നാല്‍ പങ്കാളിക്ക് കൂടി താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ ഇതുകൊണ്ട് ഫലമുണ്ടാകു. ഇരുവര്‍ക്കും താല്‍പ്പര്യമുളള ഒരു സമയം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

സ്വന്തമായി സമയം ചെലവഴിക്കുക

ഇത്രയും നേരം പങ്കാളികള്‍ തമ്മില്‍ സമയം ചെലവഴിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ചതെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വ്യക്തിപരമായകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതും ഉള്‍പ്പെടും. തനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്കായി കുറച്ച് സമയം നീക്കിവെയ്്ക്കുന്നത് ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ മികച്ചതാക്കും. ഹോബികള്‍ക്ക് വേണ്ടിയോ സാമൂഹ്യപ്രവര്‍ത്തനത്തിന് വേണ്ടിയോ നിങ്ങള്‍ കുറച്ച് സമയം ചെലവഴിക്കുന്നത് ഇരുവര്‍ക്കും സ്വന്തമായി കുറച്ച് സമയം ലഭിക്കാന്‍ സഹായിക്കും. പങ്കാളിയേയും ഇത്തരം പ്രവര്‍ത്തനങ്ങളില് ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കണം. ഇത് വ്യക്തി എന്ന നിലയില്‍ ഒരാള്‍ക്ക് എത്രത്തോളം സ്വന്തന്ത്രനായി നില്‍ക്കാനാകുമെന്നും ഒപ്പം മറ്റൊരാള്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ബലികഴിക്കേണ്ടി വരുന്നതിലുളള അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കും. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഇതിന് വലിയൊരു പങ്കാണുളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.