1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2021

സ്വന്തം ലേഖകൻ: പോയ വര്‍ഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് മണിക്കൂറുകളോളം നിശ്ചവമായെന്നും അതു വഴി രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നെറ്റ്ഷട്ട്ഡൗണ്‍സ്.ഇന്‍ എന്ന വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് ഈ വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2020-ല്‍ 75 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കപ്പെട്ടത്. ഇത് മറ്റേത് രാജ്യത്തേക്കാളും കൂടുതലാണ്. ലോകബാങ്ക്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍, സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാജ്യത്തിനുണ്ടായ നഷ്ടം കണക്കാക്കിയത്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇന്റര്‍നെറ്റ് ലഭ്യത നിയന്ത്രിക്കുന്നതില്‍ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യ മുന്നിലായി തുടരുന്നു. 75 തവണ. ഇതില്‍ ദൈര്‍ഘ്യം കുറഞ്ഞത് പലതും പ്രത്യേക വിഭാഗങ്ങളേയും ഗ്രാമങ്ങളേയും, നഗരങ്ങളേയും, ജില്ലകളേയും ലക്ഷ്യമിട്ടുള്ളതായിരുന്നു. അവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വലിയ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതുവഴി രാജ്യത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടം 20,500 കോടിയേക്കാള്‍ കൂടുതലായിരിക്കും. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഏറെ വിവാദമായ തീരുമാനം വന്നതിന് ശേഷം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം 2020 മാര്‍ച്ചില്‍ അധികൃതര്‍ പിന്‍വലിച്ചിരുന്നു. എങ്കിലും 2ജി കണക്റ്റിവിറ്റി മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. എന്നും ടോപ്പ് 10 വിപിഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2020-ല്‍ ലോകത്താകമാനം 27165 മണിക്കൂര്‍ നേരമാണ് പ്രധാനമായും ഇന്റര്‍നെറ്റില്‍ തടസം നേരിട്ടത്. 2019-നേക്കാള്‍ 19 ശതമാനം അധികമാണിത്. ഇത് വഴി 401 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഇതില്‍ ഏകദേശം മുക്കാല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണ്. ബെലാറസ്, യെമെന്‍, മ്യാന്‍മര്‍, അസര്‍ ബായ്ജാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിറകിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.