ഇറ്റലിയിലെ മെഡിറ്ററേനിയന്‍ ദ്വീപില്‍ ശനിയാഴ്ച ഉല്ലാസക്കപ്പല്‍ പാറക്കൂട്ടത്തിലിടിച്ചു മുങ്ങിയതിനെത്തുടര്‍ന്നു കാണാതായവരില്‍ ഇന്ത്യക്കാരനുമുണ്ടെന്നു സ്ഥിരീകരിച്ചു. മുംബൈ സ്വദേശിയും കപ്പലിലെ ജീവനക്കാരനുമായ റെബെല്ലോ റസല്‍ ടെറന്‍സിനെയാണു കാണാതായത്. സംഭവം നടന്നു മൂന്നു ദിവസം പിന്നിട്ടിട്ടും ഇയാളെക്കുറിച്ചു വിവരമൊന്നുമില്ലെന്നു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു.
റെബെല്ലോയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ കെവിനും ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡറും ഇതിനോടകം ദുരന്തസ്ഥലത്തെത്തിയിട്ടുണ്െടന്നും കൃഷ്ണ ബാംഗളൂരില്‍ അറിയിച്ചു. കപ്പലില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുള്ളതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ ആശ്രിതരുടെ സൌകര്യാര്‍ഥം ന്യൂഡല്‍ഹിയിലും റോമിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 202 ജീവനക്കാരില്‍ റെബെല്ലോ ഒഴികെ 201 പേരെയും രക്ഷപ്പെടുത്തിയതായി റോമിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിലെ ഒന്നാം സെക്രട്ടറി സുനില്‍ അഗര്‍വാള്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ റെബെല്ലോ മുന്‍നിരയിലുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അദ്ദേഹത്തിന് എന്തു പറ്റിയെന്ന് അറിയില്ലെന്നും സുനില്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരെയെല്ലാം ഉടന്‍ നാട്ടിലേക്ക് അയയ്ക്കുമെന്നും ഇതിന്റെ ചെലവു വഹിക്കാമെന്നു കപ്പല്‍കമ്പനി അറിയിച്ചിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കാണാതായ 29 പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ദുരന്തം നടന്നു മൂന്നു ദിവസം പിന്നിടുമ്പോഴും 25 യാത്രക്കാരേയും നാലു ജീവനക്കാരേയുംകുറിച്ച് ഇനിയും വിവരമൊന്നുമില്ല. ഇന്നലെ 16 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നായിരുന്നു ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ കാണാതായവരുടെ എണ്ണം 29ലേയ്ക്കു ഉയര്‍ന്നതോടെ ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇതുവരെ ആറു പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കാണാതായവരെ രക്ഷപെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണെന്ന് ജിഗ്ളിയോ മേയര്‍ സെര്‍ജിയോ ഒര്‍റ്റെല്ലി പറഞ്ഞു.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് കപ്പല്‍ ചെറുതായി നീങ്ങുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇന്നലെ മൂന്നു മണിക്കൂറോളം തടസപ്പെട്ടിരുന്നു. അപകടവുമായി ബന്ധപ്പെട്ടു ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്കോ ഷെറ്റിനോയെ പോലീസ് അറസ്റു ചെയ്തിട്ടുണ്ട്. കുറ്റകരമായ നരഹത്യ, ജീവനക്കാരേയും യാത്രക്കാരേയും രക്ഷപ്പെടുത്തുന്നതിനുമുമ്പ് കപ്പലുപേക്ഷിച്ചു കടന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നാവികനിയമപ്രകാരം 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 114,500 ടണ്‍ ഭാരമുള്ള കോസ്റാകോണ്‍കോര്‍ഡിയ എന്ന ഉല്ലാസക്കപ്പല്‍ പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് മെഡിറ്ററേനിയന്‍ കടലിലെ ഇറ്റാലിയന്‍ദ്വീപായ ജിഗ്ളിയോയ്ക്കു സമീപം പാറയിലിടിച്ചു മുങ്ങിയത്. 3200 യാത്രക്കാരും 1000 ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല