ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അല്‍-ക്വൊയ്ദ ഇടക്കാല നേതാവിനെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഈജിപ്ഷ്യന്‍ ഭീകരനായ സയ്ഫ് അല്‍-അഡെലിനെ സംഘടനയുടെ താല്‍ക്കാലിക നേതാവായി തെരഞ്ഞെടുത്തു എന്നാണ് റിപ്പോര്‍ട്ട്.
അല്‍-ക്വൊയ്ദയുടെ തലവനായി അയ്മന്‍ അല്‍ സവാഹിരിയെ തെരഞ്ഞെടുക്കും വരെയായിരിക്കും അഡെല്‍ നേതൃ സ്ഥാനത്ത് ഉണ്ടാവുക. സവാഹിരിയെ നേതാവായി അവരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നും സൂചനയുണ്ട്.
നെയ്‌റോബി, കെനിയ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളിലെ യുഎസ് എംബസികള്‍ക്ക് നേരെ 1998 -ല്‍ നടന്ന ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ അഡെല്‍ ആണ് പ്രവര്‍ത്തിച്ചതെന്ന് കരുതുന്നു. 2001-ല്‍ മുഹമ്മദ് അറ്റെഫ് കൊല്ലപ്പെട്ടതോടെ അല്‍-ക്വൊയ്ദയുടെ സൈനിക മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ സുഡാനില്‍ നിന്ന് ലെബനനില്‍ എത്തിയ അഡെല്‍ അവിടെ നിന്ന് സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണത്തിലും ഉപയോഗത്തിലും ഹെസ്ബുള്ള ഭീകരരില്‍ നിന്ന് പരിശീലനം നേടി. പിന്നീട്, സുഡാനിലും അഫ്ഗാനിസ്ഥാനിലും അല്‍-ക്വൊയ്ദ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ചുമതലയും അഡെലിനായിരുന്നു.
സൌദി അറേബ്യയിലും മൊറോക്കോയിലും 2003 ല്‍ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ അഡെല്‍ ആണെന്നാണ് കരുതുന്നത്. ഇയാള്‍ ഒരിക്കല്‍ അറസ്റ്റില്‍ ആയെങ്കിലും ഒരു ഇറാനിയന്‍ നയതന്ത്രജ്ഞന്റെ മോചനത്തിനു വേണ്ടി വിട്ടയയ്ക്കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല