അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മുന്നറിയിപ്പുകളെ മറികടന്ന് ഇറാന്‍ സ്വന്തം ആണവശേഷി ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തി. ഇന്നലെ ടെഹ്റാനു വടക്കു സ്ഥിതി ചെയ്യുന്ന ആണവനിലയത്തില്‍ ആണവോര്‍ജം ഉള്‍ക്കൊള്ളുന്ന സെന്‍ട്രിഫ്യൂജ് ദണ്ഡുകള്‍ നിക്ഷേപിക്കുന്നതിനു സാക്ഷ്യം വഹിച്ച് പ്രസിഡന്റ് അഹമ്മദി നെജാദാണ് ലോകത്തു വന്‍കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനം നടത്തിയത്.
തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡുകളും പുതിയ സെന്‍ട്രിഫ്യൂജുകളും ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ആണവപരീക്ഷണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച അതേ ദിവസം തന്നെ തങ്ങള്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണക്കയറ്റുമതി നിര്‍ത്തിവെച്ച് പാശ്ചാത്യരാജ്യങ്ങളെ വെല്ലുവിളിക്കാനും ഇറാന്‍ തയ്യാറായി. നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങിലേക്കുള്ള എണ്ണക്കയറ്റുമതിയാണ് ഇറാന്‍ നിര്‍ത്തിയത്.
20% ആണവോര്‍ജം ഉള്‍ക്കൊള്ളുന്ന ആണവ ദണ്ഡുകള്‍ ഇറാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ലോകസമാധാനത്തിനു ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ഈ പ്രക്രിയ ഇറാന്‍ ദേശീയ ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തു. ഇറാന്റെ ആണവ പരിപാടികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ദുരൂഹമായി കൊല്ലപ്പെട്ട മൂന്നു ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ടിവിയില്‍ കാണിക്കുന്നുണ്ടായിരുന്നു. പ്രസിഡന്റ് അഹമ്മദി നെജാദ്, ഇറാന്‍ ആണവോര്‍ജ ഏജന്‍സി മേധാവി ഫെറെദൂണ്‍ അബാസി ദവാനി, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെളുത്ത സുരക്ഷാ വസ്ത്രം ധരിച്ച് ചടങ്ങിനു സാക്ഷ്യം വഹിച്ചു.
യു.എന്‍. ഉപരോധവും അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുടെ സമ്മര്‍ദതന്ത്രങ്ങളും തങ്ങളുടെ ആണവപരിപാടിയെ ബാധിച്ചില്ലായെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇറാനായി. എന്തുകൊണ്ട് ആണവ സാങ്കേതികവിദ്യ തങ്ങള്‍ക്ക് മാത്രം നിഷേധിക്കുന്നുവെന്ന് ചോദിച്ചായിരുന്നു നെജാദിന്റെ പ്രസംഗം. ആണു ബോംബ് നിര്‍മിക്കലല്ല അമേരിക്കയടക്കമുള്ളവരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഒരു പാഠം പഠിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെലിവിഷന്‍ സംപ്രേഷണത്തില്‍ അദ്ദേഹം പറഞ്ഞു.
വടക്കന്‍ ടെഹ്‌റാനിലെ ആണവ നിലയം സന്ദര്‍ശിച്ച ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് ശാസ്ത്രജ്ഞരുമായി സംസാരിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല