നേഴ്സ് എന്ന പദവി ഇത്തിരി വല്യ സംഭവം തന്നെയാണ്. ചുമ്മാതെ എല്ലാവര്‍ക്കുമൊന്നും നേഴ്സാവാന്‍ സാധ്യമല്ല. സേവനമനോഭാവമാണ് പ്രധാനമായും നേഴ്സുമാര്‍ക്ക് വേണ്ട ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്നേഹം, കരുണ എന്നിങ്ങനെയുള്ള ഗുണങ്ങളുമെല്ലാം മുതല്‍ക്കൂട്ടാണ്. എന്നാല്‍ ഇതൊന്ന് ശ്രദ്ധിച്ച് വായിക്കണം. വേറൊന്നുമല്ല, ഇവിടെ പറയുന്ന നേഴ്സ് ഒരു രോഗി മരിച്ചുകിടന്നിട്ട് അറിഞ്ഞില്ല. മരിച്ചു കിടന്ന സ്ത്രീയുടെ മാറിടത്തിലെ വസ്ത്രം മാറികിടന്നതുപോലും നേഴ്സ് കണ്ടില്ലെന്നുമുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
നേഴ്സുമാരുടെ ജോലി അങ്ങേയറ്റം പവിത്രമാണെന്നും കരുണ നിറഞ്ഞതാണെന്നും വ്യക്തമാക്കുമ്പോഴും ഇത്തരം വാര്‍ത്തകള്‍ ആ ജോലിയുടെ മാഹാത്മ്യം ഇല്ലാതാക്കുന്നു. കിഴക്കന്‍ ലണ്ടനിലെ ഹാക്ക്നെ ഹോമര്‍ടെണ്‍ ആശുപത്രിയിലെ നേഴ്സായ ജീന്‍ ബൂസെസാണ് നേഴ്സിംങ്ങ് സമൂഹത്തിന് പേരുദോഷമുണ്ടാക്കിയ നേഴ്സ്. ഒരു വേദനസംഹാരി നല്‍കി അല്പം കഴിഞ്ഞപ്പോള്‍ വെന്റിലേറ്ററില്‍ ആയിരുന്ന സ്ത്രീ മരിക്കുകയായിരുന്നു.
ഇവര്‍ വെന്റിലേറ്റര്‍ സംവിധാനവും മോണിറ്ററും നല്‍കുന്ന സൂചനകള്‍ കണ്ടില്ല എന്നതാണ് ഉയര്‍ന്ന ഗുരുതരമായ ആരോപണം. വേദനസംഹാരി നല്‍കിയശേഷമുള്ള രോഗിയുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. 2007 മുതല്‍ 2008വരെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ബൂസെസ് നേരത്തെയും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ അതൊന്നും രോഗിയുടെ മരണത്തിലേക്ക് നയിച്ചിരുന്ന കാര്യങ്ങളല്ല. രക്തസമ്മര്‍ദ്ദം നോക്കുന്ന കാര്യത്തില്‍ സ്ഥിരമായ പരാജയപ്പെട്ടിരുന്ന ബൂസെസ മറ്റ് പല കുഴപ്പങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൂസെസ ഉണ്ടാക്കിയിരിക്കുന്നത് അങ്ങേയറ്റത്തെ അശ്രദ്ധയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. നേഴ്സിന്റെ അശ്രദ്ധ മൂലം രോഗി മരണമടയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല