1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ 24 പാക് സൈനികരുടെ മരണത്തിനിടയാക്കിയ നാറ്റോ ആക്രമണത്തിന് പാക് അധികൃതര്‍ അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പാക് സേന ഈ മേഖലയില്‍ താത്കാലിക ക്യാംപ് തുറന്നത് അറിയാതെയാണ് അധികൃതര്‍ അനുമതി നല്‍കിയതെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വോള്‍ സ്ട്രീറ്റ് ജേണല്‍.

കഴിഞ്ഞ ശനിയാഴ്ചയാണ് പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പാക്കിസ്ഥാന്‍ നാറ്റോയ്ക്കുള്ള സഹായങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രത്തിലെ പാക് പ്രതിനിധികള്‍ നാറ്റോ വ്യോമാക്രമണത്തിന് അനുമതി നല്‍കിയിരുന്നെന്നാണ് വോള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്.

അതിര്‍ത്തിയില്‍ ഭീകരവേട്ട നടത്തുകയായിരുന്ന നാറ്റോ ഹെലികോപ്റ്ററുകള്‍ക്കു നേരേ ക്യാംപില്‍നിന്നാണ് ആദ്യം വെടിയുതിര്‍ന്നത്. ഭീകരര്‍ ആക്രമിക്കുകയാണെന്നാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ കണക്കുകൂട്ടിയത്. ഇതിനെത്തുടര്‍ന്ന് വ്യോമാക്രമണത്തിന് നാറ്റോ ഏകോപന കേന്ദ്രത്തിന്‍റെ അനുമതി തേടി. ഈ മേഖലയില്‍ പാക് സേനാ കേന്ദ്രമുണ്ടോയെന്നാണ് നാറ്റോ ആരാഞ്ഞത്.

യുഎസ്, അഫ്ഗാന്‍, പാക് പ്രതിനിധികളാണ് ഏകോപന കേന്ദ്രത്തിലുള്ളത്. മേഖലയില്‍ പാക് സേനാ കേന്ദ്രം തുറന്നതിനെക്കുറിച്ച് അറിയാത്ത പ്രതിനിധികള്‍ വ്യോമാക്രമണത്തിന് അനുമതി നല്‍കി. ഇതാണ് പാക് സൈനികരുടെ കൂട്ടക്കൊലയിലെത്തിച്ചതെന്ന് യുഎസ് സേന അന്വേഷണത്തില്‍ കണ്ടെത്തിയതായി വോള്‍സ്ട്രീറ്റ് ജേണല്‍. നാറ്റോ ആക്രമണത്തെത്തുടര്‍ന്ന് അഫ്ഗാന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേരുന്ന ബോണ്‍ സമ്മേളനത്തില്‍നിന്ന് പാക്കിസ്ഥാന്‍ വിട്ടുനില്‍ക്കുകയാണ്.

ഈ തീരുമാനം പുനപ്പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാക് വിദേശമന്ത്രി ഹിന റബ്ബാനി. സമ്മേളനം ബഹിഷ്കരിക്കാന്‍ മന്ത്രിസഭയാണ് തീരുമാനിച്ചത്. അതു മാറ്റുന്നതിനു കാരണമൊന്നും കാണുന്നില്ലെന്ന് റബ്ബാനി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമെരിക്ക വീണ്ടും അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് റബ്ബാനിയുടെ പ്രതികരണം. സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും യുഎസ്-പാക് ബന്ധം ശക്തിപ്പെടുത്തണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍നി വാഷിങ്ടണില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.