1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

പരിസ്ഥിതിക്കു ദോഷം വരുത്താതെ വീടിനുള്ളില്‍ വിളക്കു തെളിക്കാം. അതും സൂര്യപ്രകാശം ഉപയോഗിച്ച്. ഇത് ഇലാക് എന്ന ചെറുപ്പക്കാരന്‍റെ വാഗ്ദാനം. കുപ്പിവെള്ളത്തില്‍ നിന്നു വൈദ്യുതി…. സംശയം ചോദിച്ചവരുടെ പുരപ്പുറത്തേയ്ക്കു പ്ലാസ്റ്റിക് കുപ്പിയുമായി കയറി ഇലാക് ഡയസ്. ആസ്ബസ്റ്റോസ് ഷീറ്റ് വട്ടത്തില്‍ മുറിച്ചെടുത്ത് ആ ദ്വാരത്തിലൂടെ വീടിനുള്ളിലേക്ക് കുപ്പി തൂക്കിയിട്ടു. അതില്‍ വെള്ളം നിറച്ചു. സൂര്യപ്രകാശം കുപ്പിവെള്ളത്തിലേക്കിറങ്ങി മുറിയിലാകെ വെളിച്ചം പരന്നു. അമ്പത്തഞ്ചു വാട്ട് പ്രകാശം മുറിയിലേക്ക്. ഫിലിപ്പീന്‍സില്‍ വെളിച്ച വിപ്ലവം സൃഷ്ടിച്ച ഇലാക്കിന് യുണൈറ്റഡ് നേഷന്‍സിന്‍റെ അടുത്ത സമ്മേളനത്തിനു ക്ഷണം ലഭിച്ചിരിക്കുന്നു. വൈദ്യുതി ക്ഷാമമുള്ള രാജ്യങ്ങളെ കുപ്പിവെള്ളത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിദ്യ പരിശീലിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഇലാക് ഡയസ്.

ഒരു വര്‍ഷം പത്തു ലക്ഷം ആളുകള്‍ക്ക് വെളിച്ചം എത്തിക്കാമെന്നാണ് ഇലാക്കിന്‍റെ പ്രതീക്ഷ. മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ പരിസ്ഥിതിക്കു ശല്യമാകാതെ ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗം എന്നു പറഞ്ഞ ഇലാക്കിന്‍റെ കണ്ടുപിടുത്തത്തില്‍ മറ്റു മായങ്ങളൊന്നുമില്ല. ലബോറട്ടറിയില്‍ വച്ച് പരീക്ഷിച്ചെടുക്കാനുള്ള തിയറിയൊന്നും ഇതിലില്ല. ഒരു കുപ്പിയില്‍ വെള്ളം നിറയ്ക്കുന്നു. അതിനുള്ളില്‍ ഒരു നുള്ള് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തുന്നു. സൂര്യപ്രകാശം കിട്ടുന്ന വിധം അത് മുറിക്കുള്ളിലേക്കു തൂക്കിയിടുന്നു. കുപ്പിക്കുള്ളിലെ വെള്ളത്തില്‍ പ്രതിബിംബിക്കുന്ന വെളിച്ചം മുറിയില്‍ പരക്കുന്നു…. മനിലയിലെ ചേരി പ്രദേശത്തുള്ള വീടുകളിലെല്ലാം കുപ്പിപ്രകാശം നിറഞ്ഞു കഴിഞ്ഞു. ഇന്ത്യയും കൊളംബിയയുമുണ്ട് ഇലാക്കിന്‍റെ കുപ്പികള്‍ പ്രകാശം പരത്താനെത്തുന്ന മറ്റു പ്രദേശങ്ങളുടെ ലിസ്റ്റില്‍. പകല്‍ സമയത്ത് വെറുതെ വൈദ്യുതി പാഴാക്കേണ്ട… ഇതിനേക്കാള്‍ വലിയൊരു സേവ് എനര്‍ജി പദ്ധതിയുണ്ടോ….!

മൈ ഷെല്‍റ്റര്‍ ഫൗണ്ടേഷന്‍ എന്ന പദ്ധതി ലോകപ്രശസ്തമാവുകയാണ്. ഇലാക് ഡയസാണ് പ്രചാരകന്‍. അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയില്‍ ഐക്യരാഷ്ട്രസഭാസമ്മേളനത്തില്‍ രാഷ്ട്രനേതാക്കള്‍ക്കു മുന്നില്‍ സോളാര്‍ ബോട്ടില്‍ ബള്‍ബുകള്‍ പ്രദര്‍ശിപ്പിക്കും. ഇതേക്കുറിച്ച് യു ട്യൂബിലും ഫേസ് ബുക്കിലും വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഫിലിപ്പീന്‍സില്‍ ഇതുവരെ പതിനയ്യായിരം കുപ്പി ബള്‍ബുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പതിനായിരം വീടുകളിലേക്കുള്ള കുപ്പികള്‍ തയാറാക്കിക്കഴിഞ്ഞു. സെബു നഗരത്തിലെ വീടുകളില്‍ പകല്‍ വെളിച്ചം പരത്താനായി ഒരു ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചിട്ടുണ്ട്.

വിന്‍ഡ് മില്ലുകള്‍ പോലെ, സോളാര്‍ പാനലുകള്‍ പോലെ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പ്രകൃതിയില്‍ നിന്നുള്ള ചെലവു കുറഞ്ഞ വൈദ്യുതിയാണിതെന്നു പറയുന്നു ഇലാക്. ഓരോ സോളാര്‍ ലൈറ്റ് ബോട്ടിലുകള്‍ക്കും ഒരു വര്‍ഷം പതിനേഴു കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് സംരക്ഷിക്കാന്‍ സാധിക്കും. ആഗോള താപനത്തിനു കാരണമാകുന്ന വാതകത്തെ തടയാന്‍ കഴിയുമെന്നാണ് ഇലാക് പറയുന്നത്. വൈദ്യുതി ചാര്‍ജ് കുറഞ്ഞതിന്‍റെ സന്തോഷത്തിലാണു ഫിലിപ്പീന്‍സിലെ സാന്‍ പെദ്രോ ചേരിയിലുള്ളവര്‍. പകല്‍ സമയത്ത് ഇപ്പോള്‍ അവര്‍ ഇലക്ട്രിക് ബള്‍ബുകള്‍ ഓണ്‍ ചെയ്യാറില്ല. മുറിക്കുള്ളില്‍ വെളിച്ചത്തിന് സോളാര്‍ ബോട്ടില്‍ ബള്‍ബുകളുണ്ടല്ലോ. വീട്ടിലെ എല്ലാ മുറികളിലുമായി അഞ്ചു ബള്‍ബുകള്‍ സ്ഥാപിച്ചുവെന്നു പറയുന്നു ഇരുപത്തിരണ്ടുകാരി മോണിക്കോ അല്‍ബാവോ. കറന്‍റ് ബില്ല് പകുതിയായി കുറഞ്ഞു.

ഒരു സോളാര്‍ ബോട്ടില്‍ ബള്‍ബ് അഞ്ചു വര്‍ഷം കേടുവരാതെ ഉപയോഗിക്കാം. അമ്പത്തഞ്ചു വാട്ട് വെളിച്ചം കിട്ടും. പച്ചവെള്ളവും ഒരു നുള്ള് ബ്ലീച്ചിങ് പൗഡറുമാണ് വെള്ളത്തില്‍ ചേര്‍ക്കുന്നത്. മറ്റു രാസവസ്തുക്കളൊന്നും ഇതിലില്ല. ഇന്ത്യക്കും നേപ്പാളിനും സൗത്ത് ആഫ്രിക്കയ്ക്കുമൊക്കെ ഈ ബള്‍ബുകള്‍ പരീക്ഷിക്കാമെന്ന് ഇലാക് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.