1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്നും ഭീഷണി മുഴക്കി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍; പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍; പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ വിശ്വാസികള്‍ കൂട്ട ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. വിശാസികളില്‍ ചിലര്‍ പള്ളിക്ക് മുകളില്‍ കയറിയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും ഭീഷണി മുഴക്കി. ഇതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു.

ചൊവ്വാഴ്ച്ചത്തെ കോടതിവിധിക്ക് ശേഷം തുടര്‍നീക്കങ്ങള്‍ ആലോചിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് അനൂപ് ജേക്കബ്ബ് എംഎല്‍എ ആരോപിച്ചു. പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. വിധി നടപ്പിലാക്കാന്‍ പള്ളി പരിസരത്ത് പൊലീസെത്തിയതോടെയാണ് സംഭവം വഷളായത്. പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസെത്തിയത്. യാക്കോബായ വിഭാഗം മുദ്രാവാക്യം വിളികളുമായാണ് എത്തിയത്. യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി പള്ളി. ‘രാജാക്കന്മാരുടെ പള്ളി’ എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാര്‍ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയില്‍ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തര്‍ക്കം രൂക്ഷമാകുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.