അറുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന സൊമാലിയയില്‍ 40 ലക്ഷം പേര് പട്ടിണികൊണ്ടു വലയുന്നു. അടിയന്തര സഹായം ലഭ്യമായില്ലെങ്കില്‍ ഇവിടെ ഏഴര ലക്ഷം പേര് വൈകാതെ മരിച്ചുവീഴുമെന്ന് ഐക്യരാഷ്ട്ര സഭ തിങ്കളാഴ്ച മുന്നറിയിപ്പ് നല്കി. കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കുന്നത്. 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവോ ജനസംഖ്യയില്‍ 20 ശതമാനത്തിനും ഭക്ഷണമില്ലാത്ത അവസ്ഥയോ പ്രായപൂര്‍ത്തിയായ 10000 പേരില്‍ രണ്ടും കുട്ടികളില്‍ 10000-ത്തില്‍ നാലുപേരും ദിവസവും മരണമടയുന്നുവോ ഉണ്ടെങ്കില്‍ ആ പ്രദേശത്ത്ക്ഷാമമുണ്ടെന്നാണര്ഥം. ഒരു വര്‍ഷത്തിലേറെയായി ഇതിലും രൂക്ഷമാണ് സൊമാലിയയിലെ സ്ഥിതി.
സൊമാലിയയില്‍ എട്ട് മാസം മുമ്പ് പട്ടിണി ബാധിതരുടെ എണ്ണം 24 ലക്ഷമായിരുന്നു. പതിനായിരങ്ങള്‍ മരിച്ചു. അതില്‍ പാതിയും കുട്ടികളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. രാജ്യത്തെ ആറ് മേഖലകളില്‍ ഭക്ഷണം തീരെയില്ലാത്ത അവസ്ഥയാണ്. അടിയന്തര സഹായം ആവശ്യമുള്ള 40 ലക്ഷം പേരില്‍ 30 ലക്ഷവും രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ കഴിയുന്നവരാണ്.
60 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ് സൊമാലിയയിലെ കൊടും വറുതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. 1991-മുതല്‍ ഭരണസ്ഥിരതയില്ലാത്തതും വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല