പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായ റഷ്യയില്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിനെ എതിര്‍ത്ത് കൊണ്ട് അനേകം റാലികള്‍ അടുത്തിടെ നടക്കുകയുണ്ടായി. അത്തരത്തില്‍ ഒരു റാലി കഴിഞ്ഞ ദിവസവും നടന്നു. പക്ഷെ പുടിന് അനുകൂലമായാണ് പതിനായിരങ്ങള്‍ റാലി നടത്തിയത് എന്നുമാത്രം. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുന്ന പുചിന്റെ അനുയായികളാണ് റാലി നടത്തിയത്. മാര്‍ച്ച് നാലിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
പസഫിക് തീരത്തിനടുത്തെ തുറമുഖനഗരമായ വ്‌ളാഡിവോസ്‌തോക്കില്‍ നിന്ന് തുടങ്ങിയ റാലി രാത്രി വൈകി മോസ്‌കോയില്‍ അവസാനിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന യോഗത്തില്‍ 60,000-ലേറെപ്പേര്‍ പങ്കെടുത്തതായി ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.സര്‍ക്കാറിനോടടുത്ത തൊഴിലാളി സംഘടനകളാണ് റാലി നടത്തിയത്. എന്നാല്‍, തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും കൂലിക്കെടുത്തുമാണ് റാലി സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പുചിനെതിരെയുള്ള റാലികള്‍ക്കാണ് മോസ്‌കോ സാക്ഷ്യം വഹിച്ചത്. ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചായിരുന്നു പ്രകടനങ്ങള്‍. അടുത്തമാസം നടക്കുന്ന പ്രഡിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണസ്ഥിരതയാണ് പുചിന്‍ അനുകൂലികളുടെ മുദ്രാവാക്യം. നിലവില്‍ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന പുചിന് തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടുതവണയായി 2024 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല