മലയാളി സ്‌ത്രീയെ അമേരിക്കയില്‍ അനധികൃതമായി പാര്‍പ്പിച്ച് തുച്‌ഛവേതനത്തില്‍ അടിമപ്പണി ചെയ്യിച്ചെന്ന ആരോപണം മലയാളിയായ കോടീശ്വരി ആനി ജോര്‍ജ് നിഷേധിച്ചു. ഈ സ്‌ത്രീ വേലക്കാരിയായിരുന്നില്ലെന്നും അവരെ വീട്ടില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ആനിയുടെ അഭിഭാഷകന്‍ ഡൊണാള്‍ഡ് കിന്‍സെല്ല ‘ന്യൂയോര്‍ക് പോസ്‌റ്റ്’ പത്രത്തോടു പറഞ്ഞു. തൊടുപുഴ സ്വദേശിനിയാണ് ആനി.
ന്യൂയോര്‍ക്കില്‍ മൂന്നു കോടി ഡോളര്‍ (144 കോടി രൂപ) വിലമതിക്കുന്ന 34 മുറികളുള്ള മണിമാളികയിലാണ് ആനി ജോര്‍ജിന്റെയും മൂന്നു പെണ്‍മക്കളുടെയും താമസം. 12 ഏക്കറിനു നടുവിലാണ് ഈ കൊട്ടാരം. പ്രോപ്പര്‍ട്ടി ബിസിനസുകാരനായിരുന്ന ഭര്‍ത്താവ് മത്തായിയും ഒരു മകനും 2009 ജൂണില്‍ വിമാനാപകടത്തില്‍ മരണമടഞ്ഞിരുന്നു.
1998 ല്‍ യു.എന്‍. ഉദ്യോഗസ്‌ഥന്റെ വീട്ടുജോലിക്കാരിയായി നോണ്‍ ഇമിഗ്രന്റ് വിസയില്‍ അമേരിക്കയിലെത്തിയ ‘വി.എം’ എന്ന മലയാളി സ്‌ത്രീയെ ഇവര്‍ തന്റെ വേലക്കാരിയാക്കുകയായിരുന്നെന്നു പറയപ്പെടുന്നു. മാസം 1000 ഡോളറായിരുന്നു വാഗ്‌ദാനം. ഇക്കാലമത്രയും ദിവസം 17 മണിക്കൂറോളം ജോലി ചെയ്യിച്ച വകയില്‍ രണ്ടു ലക്ഷത്തിലേറെ ഡോളര്‍ നല്‍കേണ്ടിയിരുന്ന സ്‌ഥാനത്തു നല്‍കിയത് 29,000 മാത്രം.
വലിയൊരു കുളിമുറിയില്‍ ആയിരുന്നു വേലക്കാരിയുടെ താമസം. അവധിയോ ചികിത്സയോ പോലും നല്‍കിയിരുന്നില്ല.രഹസ്യ സൂചനകളെത്തുടര്‍ന്നാണ് യു.എസിലെ നാഷണല്‍ ഹ്യുമന്‍ ട്രാഫിക്കിംഗ് റിസോഴ്‌സ് സെന്റര്‍ ഇവരെ കുടുക്കിയത്. വേലക്കാരിയെ സ്വര്‍ണം പതിച്ച മേല്‍ക്കൂരയും ഗ്ലാസ് എലിവേറ്ററുമൊക്കെയുള്ള ഈ കൊട്ടാരത്തില്‍നിന്നു കഴിഞ്ഞ വര്‍ഷം മോചിപ്പിച്ചിരുന്നു. ‘വി.എമ്മിനെ’ വേലക്കാരിയായി പാര്‍പ്പിച്ചിരുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആനി ജോര്‍ജ് വി.എമ്മിന്റെ മകനുമായി മൂന്നു തവണ ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷകര്‍ കണ്ടെത്തി.
കുടുംബാംഗമാണെന്നും അതിഥിയായി താമസിക്കുകയാണെന്നും അന്വേഷകരോടു പറയണമെന്ന് അമ്മയോടു നിര്‍ദേശിക്കണമെന്നും ജോലിയെപ്പറ്റി പറഞ്ഞാല്‍ നികുതി നല്‍കേണ്ടിവരുമെന്നും വി.എമ്മിന്റെ മകനോട് ആനി ഉപദേശിച്ചിരുന്നെന്നും അന്വേഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായ ആനി ജോര്‍ജിനെ ജാമ്യവ്യവസ്‌ഥകളില്ലാതെ വിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല