1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

അലി അബ്ദുള്ള സാലെയുടെ ഏകാധിപത്യഭരണത്തില്‍നിന്നു വിമുക്തമായ യെമനില്‍ പുത്തന്‍ പ്രതീക്ഷകളുമായി വോട്ടെടുപ്പു തുടങ്ങി. ഏറെ ഉല്‍സാഹഭരിതരായാണു ജനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും പല ബൂത്തുകളിലും നീണ്ട ക്യൂവാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

വോട്ടെടുപ്പിനു തലേന്നായ തിങ്കളാഴ്ച തലസ്ഥാനമായ സനയുടെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടന്നിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണു ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്കു പ്രവഹിച്ചത്. പ്രതീക്ഷിച്ചതിലും മികച്ചതാണു ജനങ്ങളില്‍നിന്നുള്ള പ്രതികരണമെന്നു യൂറോപ്യന്‍രാജ്യങ്ങളില്‍നിന്നുള്ള നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി നടക്കുന്ന വോട്ടെടുപ്പില്‍ വൈസ് പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി മാത്രമാണ് സ്ഥാനാര്‍ഥി. വാഗ്ദാനം ചെയ്ത പരിഷ്കാരങ്ങള്‍ ഹാദി നടപ്പാക്കുമെന്നാണു പ്രതീക്ഷയെന്നു പ്രതിപക്ഷനേതാക്കള്‍ അഭിപ്രായപ്പെട്ടു.

33 വര്‍ഷത്തെ ഏകാധിപത്യഭരണത്തിനുശേഷം കഴിഞ്ഞ നവംബറിലാണു പ്രസിഡന്റ് അലി അബ്ദുള്ള സാലെ രാജിവച്ച് അധികാരം വൈസ് പ്രസിഡന്റിനു കൈമാറിയത്. പത്തു മാസത്തോളം നീണ്ടുനിന്ന ജനകീയപ്രക്ഷോഭത്തെ അതിജീവിക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുത്തു നടത്തിയ ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്കൊടുവിലാണു സാലെ രാജിവച്ചൊഴിഞ്ഞത്.

പുതിയ യെമന് പുതിയ പ്രസിഡന്റ് എന്നെഴുതിയ നിരവധി പോസ്ററുകള്‍ ജനകീയപ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന സനായിലെ ചേഞ്ച് സ്ക്വെയറില്‍ സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിനിടെ അങ്ങിങ്ങ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ യെമനിലെ ഹാദ്രാമാത് പ്രവിശ്യയില്‍ ഒരു പോളിംഗ് ബൂത്തിലുണ്ടായ അക്രമസംഭവത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. വോട്ടെടുപ്പു ബഹിഷ്കരിക്കാന്‍ ഇവിടെ ചില സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവിടെ നാലു പോളിംഗ് സ്റ്റേഷനുകള്‍ അടച്ചു. വിഘടിത സംഘടനയായ സതേണ്‍ മൂവ്മെന്റാണ് അക്രമത്തിനു പിന്നില്‍.

അതേസമയം, സാലെ അധികാരമൊഴിഞ്ഞെങ്കിലും സൈന്യത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത് അദ്ദേഹവും കുടുംബാംഗങ്ങളുമാണെന്ന് ആരോപണമുണ്ട്. ജനകീയപ്രക്ഷോഭം വിജയം കണ്െടങ്കിലും രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുകയാണ്. ഭീകരസംഘടനയായ അല്‍ക്വയ്ദ രാജ്യത്ത് വേരുറപ്പിച്ചുകഴിഞ്ഞു.

അടുത്തയിടെ രണ്ടു ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തതായി അവര്‍ പ്രഖ്യാപിക്കുകയുമുണ്ടായി. ഇതിനു പുറമെയാണ് വിഘടിതസംഘടനകളും അരാജകത്വം സൃഷ്ടിക്കുന്നത്. പുതിയ പ്രസിഡന്റിന് ഇതെല്ലാം വെല്ലുവിളികളാണ്. അതേസമയം, അല്‍ക്വയ്ദയെ ഉന്മൂലനെ ചെയ്യുന്നതിന് യെമന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുമെന്ന് അമേരിക്ക വ്യക്തമാക്കി യിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.