1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2015

സ്വന്തം ലേഖകന്‍: അറബ് രാജ്യങ്ങളും വിമതരായ ഹൗതികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് 15 മലയാളികളെ നാട്ടിലെത്തിച്ചു. യെമനില്‍ നിന്നു വിമാന മാര്‍ഗം രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ 80 പേരുള്ള ആദ്യ സംഘത്തിലാണ് 15 മലയാളികള്‍ ഉള്ളത്. ഇവര്‍ ന്യൂഡല്‍ഹിയില്‍ എത്തി സ്വന്തം സംസ്ഥാനങ്ങളിലേക്കു തിരിച്ചു.

ശമ്പളം മുടങ്ങാതെ ലഭിച്ചിരുന്നവര്‍ക്കു മാത്രമേ ഇപ്പോള്‍ രക്ഷപ്പെടാനായിട്ടുള്ളൂ. മറ്റുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും വിമാന ടിക്കറ്റിനു പണം കണ്ടെത്താന്‍ പോലുമാകാതെ ആശങ്കയിലാണ്. വിമാന ടിക്കറ്റ് എംബസി തന്നെ ശരിയാക്കിയെങ്കില്‍ മാത്രമേ ഇവര്‍ക്കു രക്ഷപ്പെടാനാകൂ എന്ന് ഇന്നലെ നാട്ടിലെത്തിയ ചങ്ങനാശേരി പുഴവാത് നീരാഴി ബംഗ്ലാവില്‍ രൂബന്‍ പറഞ്ഞു.

മലയാളികളടക്കം കുടുങ്ങി ക്കിടക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ഇവരെ എത്രയും പെട്ടെന്നു നാട്ടിലേക്കു മടക്കിക്കൊണ്ടു വരുന്നതാണു നല്ലതെന്നും ഇന്നലെ എത്തിയ ഈരാറ്റുപേട്ട അരുവിത്തുറ തട്ടാപറമ്പില്‍ ലിജോ ജോര്‍ജ്, കാഞ്ഞിരപ്പള്ളി പുത്തന്‍കടുപ്പില്‍ ജേക്കബ് കോര എന്നിവരും മാധ്യമങ്ങളെ അറിയിച്ചു.

മലയാളികളായ അറുന്നൂറോളം പേര്‍ സനായിലെ അല്‍ ഷറ മോഡേണ്‍ ആശുപത്രിയിലുണ്ടെന്നും തിരികെ വരാന്‍ നിവൃത്തിയില്ലാതെ ഭീതിയില്‍ കഴിയുകയാണെന്നും പത്തനംതിട്ട ചുരുളിക്കോട് പടിഞ്ഞാറേമുറിയില്‍ വാളുവെട്ടുംപാറ എലിസബത്ത് ജോണിന്റെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിക്കകത്തു തന്നെയാണ് ഇവരുടെ താമസവും. കുടുങ്ങിക്കിടക്കുന്നവരില്‍ മഅരിബ് ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന 52 മലയാളികളുമുണ്ടെന്നും വിവരം ലഭിച്ചു.

കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലക്കാരാണിവര്‍. യെമനിലെ വടക്കന്‍ പ്രദേശമായ ഇവിടെ അടുത്തെങ്ങും വിമാനത്താവളങ്ങളോ കപ്പല്‍ ഗതാഗതത്തിനുള്ള സൗകര്യങ്ങളോ ഇല്ലാത്തതാണു നാട്ടിലേക്കു തിരിക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. ഇന്നലെ ആശുപത്രിക്കു സമീപം ബോംബ് സ്‌ഫോടനമുണ്ടായതോടെയാണ് ആശങ്ക വര്‍ധിച്ചത്. ആക്രമണസാധ്യത കൂടുതലാണെന്നു തദ്ദേശീയവാസികള്‍ പറഞ്ഞതായും ഇവര്‍ പറയുന്നു.

നാട്ടിലേക്കു പോകാന്‍ സന്നദ്ധരായവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുന്നില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. അതേ സമയം യെമനില്‍ പല പ്രവിശ്യകളും ശാന്തമാണെന്നു ഹളറുല്‍മൗത്ത് പ്രവിശ്യയിലെ തരീം നഗരത്തിലുള്ള മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നിന്നുള്ള 10 പേരുള്‍പ്പെടെ 13 മലയാളി വിദ്യാര്‍ഥികളാണു തരീമിലെ ദാറുല്‍ മുസ്തഫ ഇസ്‌ലാമിക് സര്‍വകലാശാലയിലുള്ളത്. മഅദിനുമായി വിദ്യാര്‍ഥി കൈമാറ്റ ധാരണാപത്രം ഒപ്പുവച്ച സര്‍വകലാശാലയാണു ദാറുല്‍ മുസ്തഫ.

നഴ്‌സുമാരില്‍ പലര്‍ക്കും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ യാത്രാരേഖകള്‍ ആശുപത്രികള്‍ വിട്ടുനല്‍കുന്നില്ലെന്ന പരാതി സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പലര്‍ക്കും ശമ്പളം മുടങ്ങിയിട്ടില്ല. എന്നാല്‍, യാത്രാരേഖകള്‍ വിട്ടുനല്‍കണമെങ്കില്‍ രണ്ടുമാസത്തെ ശമ്പളം തിരികെ അടയ്ക്കണമെന്നു ചില ആശുപത്രികള്‍ നിബന്ധന വച്ചതായും പരാതിയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സഹായം നല്‍കണമെന്ന് എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ തിരിച്ചെത്തുന്നവര്‍ക്കു നാട്ടിലെത്തിയശേഷം ഇതു ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. യെമനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ആയിരം ഡോളര്‍ ആവശ്യപ്പെട്ടെന്ന പരാതി ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദുബായില്‍ പറഞ്ഞു. കേന്ദ്രമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എംബസി അധികൃതരും ആരോപണം നിഷേധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

യെമനിലേക്കു കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി കെസി ജോസഫ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനു കത്തു നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.