1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 7 ജില്ലകള്‍ അടച്ച് പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 7 ജില്ലകള്‍ അടച്ചിടണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം നാളെ ചേരുന്ന ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളള അറിയിപ്പ് ഇങ്ങനെ: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ലോക്ക് ഡൗണ്‍ സംബന്ധിച്ച ആശയക്കുഴപ്പം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സംസ്ഥാനത്ത് പൂര്‍ണമായും ലോക്ക് ഡൗണ്‍ നടപ്പിലാക്കണം. ബാറുകളും ബിവറേജസും അടച്ച് പൂട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് പുതിയതായി 5 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. ഇതോടെ ജില്ലയില്‍ 19 പേരാണ് കൊവിഡിന്റെ പിടിയിലായിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 4 പേര്‍, പത്തനംതിട്ട 9 പേര്‍, കോട്ടയം 2 പേര്‍, എറണാകുളം 12 പേര്‍, തൃശൂര്‍ 1, മലപ്പുറം 4, കണ്ണൂര്‍ 10, ഇടുക്കി 1, കാസര്‍കോഡ് 19, കോഴിക്കോട് 2 എന്നിങ്ങനെയാണ് കണക്കുകള്‍. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ജനതാ കർഫ്യൂ തുടരും, 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചു. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ജില്ലയില്‍ നിരോധിച്ചു. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.