1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2017

സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ സൈന്യത്തിനെതിരെ പോരാടുന്ന റോഹിംഗ്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം. അരാക്കന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി(അര്‍സ) യാണ്ഒരു മാസത്തേക്ക് ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രഖ്യാപനം വന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം വ്യക്തമാക്കി.

റാക്കൈന്‍ സ്റ്റേറ്റിലെ ന്യൂനപക്ഷ രോഹിംഗ്യ മുസ്‌ലിംകള്‍ക്ക് എതിരേ സൈന്യവും ഭൂരിപക്ഷ ബുദ്ധമതാനുയായികളും ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്നു രാജ്യംവിട്ട് ബംഗ്‌ളാദേശിലെത്തിയ രോഹിംഗ്യ അഭയാര്‍ഥികളുടെ എണ്ണം 15 ദിവസത്തിനകം മൂന്നുലക്ഷത്തോളമായി. ഈ സാഹചര്യത്തില്‍ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നതിന് സൗകര്യം ഒരുക്കാനാണ് ഒരു മാസത്തേക്ക് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യവും വെടിനിര്‍ത്തണമെന്നു രോഹിംഗ്യകള്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 25നു രോഹിംഗ്യ തീവ്രവാദികള്‍ പോലീസ് ചെക്കുപോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു തുടക്കം കുറിച്ചത്. സൈന്യവും ഭൂരിപക്ഷ സമുദായാംഗങ്ങളും രോഹിംഗ്യകളുടെ വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുകയും കടുത്ത മര്‍ദനമുറ അഴിച്ചുവിടുകയും ചെയ്തു. 400ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു ബോട്ടുകളിലും കാല്‍നടയായി അതിര്‍ത്തികടന്നും രോഹിംഗ്യകള്‍ ബംഗ്‌ളാദേശിലേക്കു കൂട്ടപ്പലായനം ആരംഭിച്ചു.

അഭയാര്‍ഥികള്‍ മടങ്ങിവരുന്നതു തടയാനായി മ്യാന്‍മര്‍ സൈന്യം അതിര്‍ത്തി പ്രദേശത്തു കുഴിബോംബുകള്‍ സ്ഥാപിച്ചു. ഇതു പൊട്ടി പല അഭയാര്‍ഥികള്‍ക്കും പരിക്കേറ്റു. പതിനായിരക്കണക്കിന് രോഹിംഗ്യകളാണ് ദിനംപ്രതി റാക്കൈനില്‍നിന്ന് ബംഗ്‌ളാദേശിലേക്കു പലായനം ചെയ്യുന്നത്. ആഹാരത്തിനും കുടിവെള്ളത്തിനും കടുത്തക്ഷാമം അനുഭവപ്പെടുന്നത് ദുരിതം വര്‍ധിപ്പിക്കുന്നു. ബംഗ്‌ളാദേശില്‍ നേരത്തെ തന്നെ നാലു ലക്ഷത്തോളം അഭയാര്‍ഥികളുണ്ട്. പുതുതായി മൂന്നുലക്ഷം പേര്‍ കൂടി എത്തിയതോടെ ക്യാമ്പുകളിലെ സ്ഥിതിയും ദയനീയമായതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.