1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010

ഗൃഹാതുരത്വമുണര്‍ത്തി ഒരു കേരളപ്പിറവി കൂടി വന്നെത്തിയിരിക്കുന്നു.എന്റെ കേരളം!എത്ര സുന്ദരം എന്ന് പറഞ്ഞ് അഭിമാനിക്കുന്ന പ്രവാസി മലയാളിയെ  ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മധുരിക്കും ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി  കൈ പിടിച്ചാനയിക്കുന്ന പുണ്യദിനമാണിന്ന്.നമ്മളെ നമ്മളാക്കിയ നമ്മുടെ നാടും സംസ്ക്കാരവും പ്രവാസി മലയാളിയില്‍ നിന്നും അകന്നു പോകുന്നുണ്ടോ എന്ന് ഒരു പുനര്‍ വിചിന്തനം നടത്തേണ്ട ദിനം കൂടിയാണിന്ന്.
1947-ല്‍ ഇന്ത്യ ബ്രിട്ടിഷുകാരില്‍  നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍  ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം  തിരുവിതാംകൂറിലേയും തിരുകൊച്ചിയിലേയും നാട്ടുരാജാക്കന്മാരുടെ സംയോജനവിളംബരമാണ് 1956 നവംബര്‍ ഒന്നിന്‌ കേരളപ്പിറവിക്ക് നിദാനമായത് .ഭാഷയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വിഭജനം മലായാളിയ്ക്ക് ഒരു പുതിയ മുഖം നേടിയെടുക്കാന്‍ സഹായിച്ചു.
മലയാളിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഇക്കഴിഞ്ഞ 54 വര്‍ഷം കൊണ്ട് വളരെയേറെ പുരോഗതികള്‍ നേടിയിട്ടുണ്ട്.കേരള വികസനത്തിനന്‍റെ അപ്പോസ്തലന്മാര്‍ എന്നു  ഭാവിക്കുന്ന പ്രവാസി മലയാളിക്ക്
അവന്‍റെ മലയാളിത്തം എത്ര മാത്രം നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്നത് ഈ കേരളപ്പിറവി ദിനത്തില്‍  ചിന്താ വിഷയമാക്കേണ്ടാതാണ്.
കേരളപ്പിറവി ദിനത്തില്‍ സ്ക്കൂളുകളില്‍ നടത്തുന്ന മലയാള ഭാഷാ സംരക്ഷണ പ്രതിജ്ഞ, നമ്മുടെ തനതു കലകളും സംസ്ക്കാരവും സംരക്ഷിക്കുമെന്നുള്ള ഉറച്ച തീരുമാനമെടുക്കല്‍, ഇങ്ങനെ കുറേ പരിപാടികളുമായി നാട്ടിലെ മലയാളിത്തം നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടുമ്പോള്‍,അസ്സോസ്സിയെഷനുകളിലെ കൂട്ടായ്മകള്‍ കൊണ്ട് മലയാളിത്തത്തെ ഒതുക്കി നിര്‍ത്താനാണ് പ്രവാസി മലയാളികള്‍ ശ്രമിക്കാറ്.യു കെ മലയാളികളില്‍ പലരും തങ്ങളുടെ മക്കളെ വീട്ടില്‍ പോലും മലയാളം സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല..ഇവിടെ വന്ന് കഷ്ട്ടപ്പെടാന്‍ അവസ്ഥ വരുത്തിയ ജന്മനാടിനോടുള്ള നിശബ്ദപ്രതികാരമാണോ അതോ സായിപ്പിനെ  അനുകരിക്കാന്‍ കാണിക്കുന്ന വ്യഗ്രതയാണോ അതോ ഇംഗ്ലിഷിന് പ്രാധാന്യമുള്ള ഒരു ലോക ക്രമത്തില്‍ മലയാളം പഠിച്ചാല്‍ തങ്ങളുടെ മക്കള്‍ പിന്നിലായി പോകുമോ എന്ന ഭയമാണോ അവരുടെ ഈ മനോഭാവത്തിനു കാരണമെന്നറിയില്ല.
ഇരുപതു വര്‍ഷം മുന്‍പ് യു കേയിലേക്ക് കുടിയേറിയ ഒരു മലയാളി ഡോക്ട്ടര്‍ തന്‍റെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ അടുത്ത കാലത്ത് പങ്കു വയ്ക്കുകയുണ്ടായി.മലയാളം വശമില്ലാത്ത കുട്ടികള്‍ ഒരു അസോസിയേഷന്‍ പരിപാടിയില്‍ പോകും പങ്കെടുക്കാറില്ല.ആശയ വിനിമയത്തിലുള്ള പ്രശ്നം കൊണ്ട് നാട്ടില്‍ അവധിക്കു പോകാന്‍ പോലും കുട്ടികള്‍ക്ക് താല്പര്യമില്ല.ഈ അവസ്ഥ  പുതു തലമുറയിലെ പ്രവാസികളായ നമുക്ക് അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ.
ഇക്കാര്യത്തില്‍ നാം മാതൃകയാക്കേണ്ടത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങില്‍ നിന്നുമുള്ള പ്രവാസികളെയാണ്.ലോകത്തിന്‍റെ ഇതു കോണില്‍ ചെന്നാലും ഒരു തമിഴന്‍ മറ്റൊരു തമിഴനോട് സ്വന്തം ഭാഷയില്‍ സംസാരിക്കാറാണ് പതിവ്.തെലുങ്കനും,ഗുജറാത്തിയും,പഞാബിയുമൊക്കെ ഈ മാതൃക തന്നെയാണ് പിന്തുടരുന്നത്.ഇവിടെയാണ്‌ വീട്ടില്‍ പോലും മലയാളം സംസാരിക്കാന്‍ മടിക്കുന്ന മലയാളി വ്യത്യസ്തനാവുന്നത്. മലയാള ഭാഷാ  സംസാരിക്കുന്നത്  കീഴാളരും ഇംഗ്ളീഷ് പറയുന്നത് മാന്യന്മാരുമാണെന്ന  തെറ്റായ ധാരണ മൂലമാണ് ഇത് സംഭവിക്കുന്നത്.
ഒരു സത്യം മനസിലാക്കുക.മലയാള ഭാഷയും നമ്മുടെ സംസ്ക്കാരവും നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള ഏക വഴി നമ്മള്‍ മാതാപിതാക്കള്‍ മാത്രമാണ്.നാട്ടിലാണെങ്കില്‍  അവര്‍ക്കുള്ള മുത്തശ്ശിയും മുത്തച്ഛനും ബന്ധുക്കളും സ്നേഹിതരും എല്ലാം ഇവിടെ നമ്മളാണ്.സ്കൂളില്‍ പോകുന്ന ഒരു കുട്ടി തന്‍റെ ഒരു ദിവസത്തെ മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രമാണ് നമുക്കൊപ്പം ചിലവഴിക്കുക.സ്കൂള്‍ സമയം മുഴുവനും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയോട് വീട്ടില്‍ വരുമ്പോള്‍ മാതാപിതാക്കളും സായിപ്പിന്‍റെ ഭാഷ സംസാരിച്ചാല്‍ അവരെങ്ങിനെ മലയാളം പഠിക്കും ?
ഇരു സംസ്ക്കാരങ്ങളിലെയും നന്മ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം.അതോടൊപ്പം ഒരു മലയാളി അല്ലെങ്കില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നാം അഭിമാനം കൊള്ളണം.എത്ര മാത്രം ഇവിടുത്തെ സംസ്ക്കാരവുമായി  ഇഴുകിച്ചേര്‍ന്നാലും എത്ര തലമുറ കഴിഞ്ഞാലും  നമ്മളെ ഇന്ത്യക്കാരനായി മാത്രം കാണാനേ ഇവിടുള്ളവര്‍ക്ക് കഴിയൂ.

കേരളമെന്ന പേര്‍ കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന കവി വാക്യം നമുക്ക് അനുസ്മരിക്കാം. ലോകത്തില്‍ എവിടെയായാലും സ്വന്തം അമ്മയെ പോലെ നമ്മുടെ നാടിനെ നമുക്ക്  സ്നേഹിക്കാം.സ്നേഹവും സന്തോഷവും നിറഞ്ഞ നമ്മുടെ മലയാളത്തിന്‍റെ മാധുര്യം അടുത്ത തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്‍കാം.പണത്തിനും പ്രതാപത്തിനുമുപരി നമ്മുടെ മക്കള്‍ക്ക്‌ നല്‍കാവുന്ന ഏറ്റവും വിലയേറിയ സമ്മാനമായിരിക്കും നമ്മുടെ സംസ്ക്കാരം.ലോകം ഒരു കൈക്കുമ്പിളിലേക്കൊതുങ്ങുമ്പോള്‍ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തില്‍ നമ്മുടെ സ്വത്വബോധം നഷ്ടപ്പെടുത്താതിരിക്കാം.നമുക്ക് മലയാളത്തെ മറക്കാതിരിക്കാം ….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.