1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2022

സ്വന്തം ലേഖകൻ: വിവാദങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ഒരു തവണ അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വിശ്വാസം നേടിയെടുത്ത് ബോറിസ് അധികാരത്തിൽ തുടരുകയുമായിരുന്നു. എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദം അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാക്കിയില്ല.

ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന പിഞ്ചറിനെതിരെ ലൈംഗികാരോപണം ഉയരുകയും മന്ത്രിമാർ ഒന്നൊന്നായി രാജിവെക്കുകയും ചെയ്തതോടെയാണ് ബാറിസ് ജോൺസണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. പ്രതിപക്ഷം ഒന്നടങ്കം ബോറിസ് ജോൺസൺന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോൾ സ്വന്തം പാളയത്തിലുള്ള മന്ത്രിമാർ ഓരോന്നായി രാജിവെക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ രാജിക്ക് ആക്കംകൂട്ടി. പിന്നീട് ബോറിസ് ജോണ്‍സണ് പിടിച്ചുനിൽക്കാൻ സാധിക്കാതെ രാജിയില്‍ കലാശിച്ചു.

യാദൃശ്ചികമായിരുന്നു ബോറിസ് ജോൺസന്‍റെ പ്രധാനമന്ത്രി സ്ഥാനലബ്ധി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്നാവശ്യവുമായി ഹിതപരിശോധനയും അതിന് പിന്നാലെ പാർലിമെന്റിൽ മുൻ പ്രധാനമന്ത്രി തെരേസാ മേയ് കരാർ അവതരിപ്പിക്കുകയയിരുന്നു. എന്നാൽ മൂന്ന് തവണ കരാർ അവതരിപ്പിച്ചിട്ടും തെരേസാ മേയ്ക്ക് കനത്ത പരാജയമായിരുന്നു ഫലം.

ഇതിന് പിന്നാലെ അവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. തെരേസ മേയുടെ രാജിക്ക് പിന്നാലെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. തെരെസയുടെ പാര്‍ട്ടിയിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലിയായിരുന്നു ബോറിസ് ജോണ്‍സണ്‍. പ്രത്യേകിച്ച് ഒരു കരാറുകളും ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തയാറായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിപദത്തിലെത്തിയ ബോറിസ് ജോൺസണെ നിരവധി വിവാദങ്ങള്‍ പിന്തുടർന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അദ്ദേഹം രക്ഷപ്പെടുകയും ഒടുവിൽ പിഞ്ചർ വിവാദത്തിൽ രാജിയിലെത്തുകയുമായിരുന്നു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. 2020 ജൂണിലാണ് സംഭവം. കോവിഡ് മഹാമാരി ലോകത്തെ മുൾമുനയിൽ നിർത്തിയ കാലത്ത് ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസന്റെ പിറന്നാൾ ആഘോഷിച്ചതാണ് ഏറെ വിവാദമായത്. ബോറിസ്, ഭാര്യ കാരി ജോൺസൺ എന്നിവരിൽനിന്ന് പിഴയീടാക്കിയിരുന്നു. ഇവരുൾപ്പെടെ 83 പേർക്കായി 126 പിഴ നോട്ടീസുകൾ നൽകിയതായി പോലീസ് അറിയിച്ചു. 28 ആളുകൾക്കെതിരേ ഒന്നിലധികം കേസുകളും എടുത്തിരുന്നു.

കോവിഡ് അടച്ചിടൽ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബോറിസ് ജോൺസനെതിരേ കൂടുതൽ ആരോപണങ്ങളും ഇതിന് പിന്നാലെ ഉയർന്നു. അടച്ചിടൽകാലത്ത് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന 12 കേസുകളിൽ ആറെണ്ണത്തിൽ ബോറിസ് ജോൺസന് ബന്ധമുണ്ടെന്നായിരുന്നു എന്നാണ് വിവരം. ഇത്തരം പാർട്ടികളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ പാർട്ടിഗേറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ബോറിസ് ജോൺസൺന്റെ ഫ്ലാറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയാരോപണവും ഇപ്പോഴത്തെ രാജിക്ക് വഴിവെച്ച സംഭവങ്ങളിലൊന്നാണ്. സ്വർണം കൊണ്ടുള്ള വാൾ പേപ്പർ ഉപയോഗിച്ചും ഫ്ലാറ്റ് അലങ്കരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ യഥാർഥ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് 17,800 പൗണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് ബ്രിട്ടൺ ഇലക്ട്രൽ കമ്മീഷൻ പിഴ ഈടാക്കുകയും ചെയ്തു.

തന്റെ പാർട്ടിയിലുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും ബോറിസ് ജോൺസണെതിരെ ശക്തമായ പ്രതിശേധത്തിന് വഴിവെച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട രണ്ടു പേർ ജോൺസൺ കൺസർവേറ്റീവിൽ നിന്ന് രാജിവെച്ചു. ഇതിന് പിന്നാലെ നടന്ന സ്പെഷ്യൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഇവിടെ പരാജയപ്പെടുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ രാജി മുറവിളി മാത്രമായിരുന്നില്ല ബോറിസിന് നേരിടേണ്ടി വന്നത്. മറിച്ച് തന്റെ മന്ത്രി സഭയിലെ വിശ്വാസമർപ്പിച്ചിരുന്ന പലരും അവസാന നിമിഷത്തിൽ കാലുമാറുകയായിരുന്നു. ഇതും ബോറിസ് ജോൺസണ് വലിയ തിരിച്ചടിയുണ്ടാക്കി. രണ്ടു മണിക്കൂറിനുള്ളിൽ എട്ടോളം മന്ത്രിമാരാണ് ബോറിസ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ശിശുക്ഷേമ, കുടുംബകാര്യമന്ത്രി വിൽക്വിൻസും ഗതാഗതവകുപ്പ് ഉപമന്ത്രി ലോറ ട്രോട്ടും ബുധനാഴ്ച രാജിക്കത്ത് നൽകിയിരുന്നു.

നേരത്തേ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രി ഋഷി സുനാക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദും മന്ത്രിസഭ വിട്ടിരുന്നു. തുടർന്ന് കാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലെയ്ക്ക് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസമന്ത്രി നദിം സഹാവിക്ക്‌ ധനകാര്യത്തിന്റെയും ചുമതല നൽകുകയായിരുന്നു. എന്നാൽ രാജി സമ്മർദ്ദവുമായി കൂടുതൽ മന്ത്രിമാർ രംഗത്തു വന്നതോടെ ബോറിസിന് പുറത്തുപോകുകയല്ലാതെ മറ്റു വഴികളില്ലാതായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.