1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2010

എഡിറ്റോറിയല്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘ലീഡര്‍’ എന്ന പദത്തിന്‌ ഒരു പര്യായമേയുള്ളു. അതാണ്‌ കെ.കരുണാകരന്‍. എന്താണ്‌ നേതൃത്വമെന്നും നേതൃപാടവമെന്നും നേതാക്കളെ പഠിപ്പിച്ച ദ്രോണാചാര്യരായിരുന്നു കണ്ണോത്ത്‌ കരുണാകരമാരാര്‍ എന്ന കെ.കരുണാകരന്‍.

പിന്നീട്‌ പല പാര്‍ട്ടികളുടെയും നേതാക്കള്‍ ലീഡര്‍ എന്ന വിളിപ്പേരുമായി രംഗത്തെത്തിയപ്പോഴും അത്‌ അതതുപാര്‍ട്ടികളുടെ അണികള്‍ക്കു മാത്രമായിരുന്നു ബാധകം.എതിരാളികള്‍ക്കുപോലും സര്‍വ്വസമ്മതനായ ലീഡറാകാന്‍ കരുണാകരനു മാത്രമേ കഴിഞ്ഞിരുന്നുള്ളു.

ഒമ്പതര പതിറ്റാണ്ടോളം നീണ്ട ജീവിതകാലത്ത്‌ രാഷ്ട്രീയമില്ലാത്ത കരുണാകരന്‍ ശൈശവ ബാല്യങ്ങളില്‍ മാത്രം ഒതുങ്ങുന്നു. സ്വാതന്ത്ര്യസമരകാലത്ത്‌ ഖാദി വിറ്റും മറ്റും പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ അദ്ദേഹം പിന്നീട്‌ കൊച്ചി, തിരു – കൊച്ചി നിയമസഭകളിലും കേരള നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അംഗമായി. നിയമസഭയില്‍ പ്രതിപക്ഷനേതാവും കേന്ദ്രത്തില്‍ കാബിനറ്റ്‌ മന്ത്രിയുമായി. ജനപ്രതിനിധിയെന്ന നിലയില്‍ ഒരാള്‍ക്ക്‌ ഇതിനുമപ്പുറമൊന്നുമെത്താനാകില്ലെന്നാണ്‌ ചരിത്രം നമുക്കു കാണിച്ചു തരുന്നത്‌. ഇതിനിടയില്‍ ഏറ്റവും കൂടുതല്‍ തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തിയെന്ന ബഹുമതിയും കരുണാകരന്‍ നേടിയെടുത്തു.

117 പേരുടെ പിന്തുണയുള്ള സപ്‌തകക്ഷി മുന്നണിയുമായി ഇ.എംഎസ്‌ കേരളത്തില്‍ മന്ത്രിസഭരൂപീകരിക്കുമ്പോള്‍ മാളയുടെ മാണിക്യം വന്നത്‌ കേവലം ഒന്‍പതു പേരുടെ മാത്രം പിന്തുണയുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായിട്ടാണ്‌. 117 എന്ന മാന്ത്രിക നമ്പറിനോടു പൊരുതാനുള്ള കരുത്ത്‌ ഈ ഒന്‍പത്‌ അംഗങ്ങള്‍ക്കുണ്ടായിരുന്നില്ല. പക്ഷേ, രാഷ്ട്രീയത്തില്‍ തന്ത്രങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ കരുണാകരന്‍ ആ ഒന്‍പത്‌ അംഗങ്ങളുടെ പിന്‍ബലത്തില്‍ സപ്‌തകക്ഷി മുന്നണിയെ തകര്‍ത്ത്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായത്‌ സമാനതകളില്ലാത്ത ചരിത്രം. ഐക്യജനാധിപത്യമുന്നണി രൂപം കൊണ്ടത്‌ അങ്ങിനെയാണ്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മുന്നേറ്റം തുടങ്ങുന്നതും ഇക്കാലത്താണ്‌. ലോകത്താദ്യമായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്‌റ്റു മന്ത്രിസഭ അധികാരത്തിലേറിയ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വീറും വളവും കരുണാകരന്റെ ഇച്ഛാശക്തിയും നേതൃപാടവവുമായിരുന്നു.

തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കു വേണ്ടിയായിരുന്നു കരുണാകരന്‍ രാഷ്ട്രീയജീവിതം ഹോമിച്ചതത്രയും. ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തനായിരുന്ന അദ്ദേഹം ഇന്ദിരയുടെ മരണശേഷം രാജീവ്‌ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. രാജീവിന്റെ ആകസ്‌മികമായ വിടവാങ്ങലിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ കോണ്‍ഗ്രസിനു മുന്നില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ ഉയര്‍ന്നുവന്ന പേരായിരുന്നു കരുണാകരന്റേത്‌. പക്ഷെ, സ്വതേയുള്ള കണ്ണിറുക്കിച്ചിരിയുമായി കേരളമാണ്‌ തന്റെ തട്ടകമെന്നു പറഞ്ഞ്‌ ആ വാഗ്‌ദാനം കരുണാകരന്‍ നിരസിച്ചപ്പോള്‍ മലയാളിയായ പ്രധാനമന്ത്രിയെന്ന കേരളത്തിന്റെ സ്വപ്‌നം ഫലിക്കാതെ പോയി. തുടര്‍ന്ന്‌ നരസിംഹറാവുവിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചതും കരുണാകരനായിരുന്നു.

ഭരണകാലത്തെല്ലാം കരുണാകരനെ വിവാദങ്ങള്‍ വേട്ടയാടിയിരുന്നുവെന്നതാണ്‌ വാസ്‌തവം. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ സംഭവത്തില്‍ തുടങ്ങുന്നു അത്‌. എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി രാജന്‍ കക്കയം പൊലീസ്‌ ക്യാംപില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായപ്പോള്‍ കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. രാജന്റെ തിരോധാനത്തിന്റെയും ഈച്ചരവാര്യര്‍ എന്ന അച്ഛന്റെ ദുഃഖത്തിന്റെയും ശാപവും പാപഭാരവും എല്ലാവരും ചേര്‍ന്ന്‌ എടുത്തുവച്ചത്‌ കെ.കരുണാകരന്റെ ശിരസ്സിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ നിന്നു രക്ഷപ്പെട്ടപ്പോള്‍ ജീവിതാന്ത്യം വരെ ആ ശാപം കരുണാകരന്‍ ചുമന്നു, മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി.

1986ല്‍ തങ്കമണി സംഭവം നടക്കുമ്പോഴും കരുണാകരനായിരുന്നു മുഖ്യമന്ത്രി. പിന്നീട്‌ ഐ.എസ്‌.ആര്‍.ഒ ചാരക്കേസെന്ന പുകപടലത്തില്‍പെട്ട്‌ മുഖ്യമന്ത്രിസ്ഥാനത്തു നിന്നൊഴിയാനും കരുണാകരനു വിധിയുണ്ടായി. അതിനുശേഷം കുറച്ചുകാലം കേന്ദ്രത്തില്‍ മന്ത്രിയായെങ്കിലും കേരളത്തില്‍ നിന്നു മാറിനില്‍ക്കാന്‍ കരുണാകരന്‌ അത്ര മനസ്സുവന്നില്ല.

വിശ്വസ്‌തര്‍ക്കായി കടുത്ത നിലപാടുകളെടുത്തതാണ്‌ കരുണാകരനെ രാഷ്ട്രീയജീവിതത്തില്‍ ഒറ്റപ്പെടുത്തിയത്‌. താന്‍ വളര്‍ത്തി വലുതാക്കിയവരെല്ലാം അവസാനം തള്ളിപ്പറയുന്നത്‌ കരുണാകരനു കാണേണ്ടിവന്നു. തന്റെ ഒപ്പം നിന്ന്‌ സ്ഥാനമാനങ്ങള്‍ വാങ്ങിച്ചെടുത്തവരൊക്കെ തനിക്കും മീതേ വളര്‍ന്നുവെന്നഹങ്കരിച്ചപ്പോഴും പരിഭവങ്ങളില്ലാതെ പുഞ്ചിരിച്ചു നില്‍ക്കുകയായിരുന്നു ഈ ഭീഷ്‌മാചാര്യന്‍ ചെയ്‌തത്‌.

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പിന്റെ ശക്തനായ വക്താവായി കരുണാകരനു മാറേണ്ടിവന്നത്‌ ഉറ്റവരോടുള്ള ഈ സ്‌നേഹംമൂലം മാത്രമായിരുന്നു. ഗ്രൂപ്പു കളിച്ച്‌ കരുണാകരന്‍ ഒന്നും നേടിയില്ല. പക്ഷേ, അദ്ദേഹത്തെക്കൊണ്ടു കളിപ്പിച്ചവര്‍ പലതും നേടി. കോണ്‍ഗ്രസ്‌ വിട്ട്‌ ഡി.ഐ.സി രൂപീകരിച്ചതും പിന്നീട്‌ എന്‍.സി.പിയില്‍ ശരദ്‌പവാറിനൊപ്പം കൂടിയതും ഉറ്റവര്‍ക്കു വേണ്ടിയായിരുന്നു. അവസാനം മനസ്സുമടുത്ത്‌ മാതൃപാര്‍ട്ടിയിലേക്കു തിരിച്ചുപോന്നപ്പോഴേക്കും ഒപ്പം നിന്നിരുന്ന പലരും കയ്യൊഴിഞ്ഞത്‌ ആ പിതൃഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി.

താന്‍ എല്ലാതരത്തിലും വളര്‍ത്തി വലുതാക്കിയ മക്കള്‍പോലും പിണങ്ങിയപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ്‌ കരുണാകരന്‍ ചെയ്‌തത്‌.അവസാനം കരുണാകരന്റെ രാഷ്ട്രീയജീവിതത്തെ അംഗീകരിക്കാനെന്നോണം ഗവര്‍ണര്‍പദവിയും കോണ്‍ഗ്രസ്‌ വച്ചുനീട്ടിയതാണ്‌. പക്ഷെ, അതു സ്വീകരിക്കാതെ തന്നോടൊപ്പം മാതൃസംഘടനയിലേക്കു വന്നവര്‍ക്ക്‌ പാര്‍ട്ടിയിലൊരു ഭാരവാഹിത്വവും മല്‍സരരംഗത്ത്‌ അര്‍ഹമായ പ്രാതിനിധ്യവും മാത്രമാണ്‌ അദ്ദേഹം ചോദിച്ചത്‌. എന്നിട്ടും പലരും ആ പിതൃവാല്‍സല്യത്തെ തിരിച്ചറിഞ്ഞില്ല. മകന്‍ മുരളീധരന്‌ കോണ്‍ഗ്രസിലൊരു സ്ഥാനമെന്നതായിരുന്നു അവസാനകാലത്തെ അദ്ദേഹത്തിന്റെ ആഗ്രഹം. അത്‌ സഫലമാകുന്ന ഘട്ടത്തിലായിരുന്നു ഈ വിയോഗം.

ആകസ്‌മികമെന്ന്‌ അതിനെ വിശേഷിപ്പിക്കാനാകില്ല. പക്ഷെ, എട്ടു തവണയാണ്‌ കരുണാകരന്‍ മരണത്തിനുനേരേ ചിരിച്ച്‌ ജീവിതത്തിലേക്കു തിരിച്ചെത്തിയത്‌. അതുപോലൊരു തിരിച്ചുവരവ്‌ ഇത്തവണയുമുണ്ടാകുമെന്ന്‌ കരുണാകരനെ സ്‌നേഹിക്കുന്നവരെല്ലാം വിശ്വസിച്ചു. പക്ഷെ, അതുണ്ടായില്ല.

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒരുകാലത്തും മാഞ്ഞുപോകാത്ത പേരായി മാറിയ ഈ കുലഗുരുവിന്‌ ഞങ്ങളുടെ പ്രണാമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.