1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: ചര്‍ച്ചകള്‍ എങ്ങുമെത്താതെ കേരത്തിലെ നഴ്‌സുമാരുടെ സമരം, ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് സമരക്കാര്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 17 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്‌മെന്റുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് സംഘടന അറിയിച്ചു. സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാര സമരം നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവിലെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. 13ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

ജൂണ്‍ 28 മുതലാണ് വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യു.എന്‍.എയുടെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായി സമരം തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മനേജ്‌മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനം ഉണ്ടാകത്തതിനാല്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനശമ്പളം സ്വീകാര്യമല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നഴ്‌സുമാര്‍ക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിലപാട്. പണിമുടക്ക് തുടങ്ങിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.