1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2020

സ്വന്തം ലേഖകൻ: പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം വന്നതോടെ ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് പിന്‍വലിക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. വര്‍ക്ക് ഷോപ്പുകള്‍ നിയന്ത്രിച്ച് തുറക്കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് അനുമതി തേടും. ഇരുചക്രവാഹനത്തില്‍ രണ്ട് പേരെ അനുവദിക്കില്ല.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം തുടരേണ്ടി വരുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞിരുന്നു. കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.

ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്ന് കേരളം. ഇളവ് അനുവദിച്ചത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നിര്‍ദേശങ്ങളുടെ അന്തസത്ത ചോരാതെയാണ് സംസ്ഥാനം ഇളവ് അനുവദിച്ചതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

“കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സംഘ‍‍ര്‍ഷമില്ല. കേന്ദ്രത്തിന്‍റെ പൊതുവായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കുക എന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ കേന്ദ്രത്തിന്‍റെ അനുമതി വാങ്ങിയേ നടപ്പാക്കൂ എന്നും പറഞ്ഞിരുന്നു. ചില കാര്യങ്ങളില്‍ വ്യത്യാസം കാണും. അവ ഇവിടുത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അവ‍ സംഘര്‍ഷങ്ങളോ ത‍ര്‍ക്കങ്ങളോ അല്ല. അത് കേന്ദ്രത്തിനും മനസിലാകും,” മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന് പ്രത്യേക ഇളവുകള്‍ വേണമെന്ന് ചീഫ്‌സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. കേരളത്തിന് പ്രത്യേക ഇളവുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ലോക്ക്ഡൗൺ സംബന്ധിച്ചുള്ള ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശമുള്ളതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണ്. അതല്ലെങ്കിൽ രാജ്യത്തെ ആരോഗ്യസംവിധാനത്തിന് തന്നെ വലിയ ഭീഷണിയാകും ഇതെന്ന നിലപാടിലാണ് കേന്ദ്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.