1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ആഴ്ചയിൽ രണ്ടുതവണ സൗജന്യ കൊവിഡ് ടെസ്റ്റിന് സർക്കാർ ഒരുങ്ങുന്നു. ഈ വെള്ളിയാഴ്ച മുതൽ തുടങ്ങുന്ന പരിശോധന കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകളെ ലക്ഷ്യം വച്ചുള്ളതാണ്. കൊറോണ വൈറസ് ബാധിച്ച മൂന്നിൽ ഒരാൾക്ക് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അറിയാതെ വൈറസ് പടരുന്നുണ്ടാകാം. അതിനാലാണ് ഈ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള റാപിഡ് ടെസ്റ്റ്.

നിലവിൽ ഈ പദ്ധതി ഇംഗ്ലണ്ടിൽ മാത്രമാണ് നടപ്പിലാക്കുകയെന്നും സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ അതാത് ഭരണകൂടങ്ങൾ സ്വന്തം നിലയ്ക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ആഴ്ചയിൽ രണ്ടുതവണ ലാറ്ററൽ ഫ്ലോ ടെസ്റ്റ് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന മാർക്കറ്റിംഗ് കാമ്പെയ്‌നും ഈ വെള്ളിയാഴ്ച ഇംഗ്ലണ്ടിൽ ആരംഭിക്കും.

ഹോം ഓർഡറിംഗ് സേവനത്തിലൂടെ ഓൺലൈനിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഓർഡർ ചെയ്യാൻ സാധിക്കും. ജോലിസ്ഥലത്തും ഓൺ-സൈറ്റിലും വീട്ടിലും സേവനം ലഭ്യമാണ്. എല്ലാ പ്രാദേശിക ഭരണകൂടങ്ങളും കമ്മ്യൂണിറ്റി പരിശോധന ഉറപ്പാക്കും. സ്കൂളുകളിലും കോളേജുകളിലും ഓൺ-സൈറ്റ് പരിശോധനയും ഉണ്ടായിരിക്കും.

പുതിയ “ഫാർമസി കളക്റ്റ്“ സേവനം വഴി രോഗലക്ഷണങ്ങളില്ലാത്ത 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രാദേശിക ഫാർമസി സന്ദർശിച്ച് ആഴ്ചയിൽ രണ്ടുതവണ വീട്ടിൽ ഉപയോഗിക്കാൻ ഏഴ് റാപിഡ് പരിശോധനാ കിറ്റുകളടങ്ങിയ ഒരു പെട്ടി കൈപറ്റാം. ഈ പരിശോധനകൾ കൊവിഡ് വ്യാപനം അതിൻ്റെ ഉറവിടത്തിൽ തന്നെ തടഞ്ഞു നിർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വേനൽക്കാലത്ത് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വാഗ്ദാനം ചെയ്ത ഒരു ദിവസം 10 ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് സർക്കാർ ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. “ഓപ്പറേഷൻ മൂൺഷോട്ട്” എന്ന ഹാൻകോക്കിൻ്റെ സ്വപ്ന പദ്ധതി 100 ബില്യൺ ഡോളർ ചിലവ് വരുന്നതിനാൽ ഇതുവരെ മുന്നോട്ട് നീങ്ങിയിരുന്നില്ല.

അൺലോക്ക് റോഡ്മാപ്പിൻ്റെ അടുത്ത ഘട്ടത്തിലെ പ്രധാന ഇളവുകൾ ബോറിസ് ജോൺസൺ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. വിജയകരമായ വാക്സിൻ വിതരണത്തിൻ്റെ പശ്ചാത്തലത്തിൽ വരും മാസങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതിയുടെ ഒരു വ്യക്തമായ ചിത്രം അദ്ദേഹം ഇന്ന് നൽകുമെന്നാണ് സൂചന.

ഏപ്രിൽ 12 മുതൽ ഇംഗ്ലണ്ടിൽ റീട്ടെയിൽ, ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി, ഹെയർഡ്രെസ്സർമാർ എന്നീ വിഭാഗക്കാർക്ക് വീണ്ടും തുറക്കാൻ അനുമതി ലഭിച്ചേക്കും. ഏപ്രിൽ പകുതി മുതൽ വാക്സിൻ പാസ്‌പോർട്ടുകളോ ബിഫോർ ആൻഡ് ആഫ്റ്റർ ടെസ്റ്റുകളോ ഏർപ്പെടുത്തി 9 പ്രധാന വിനോദ മേഖലകൾ പൂർണമായും തു റന്നു കൊടുക്കാനുള്ള തീരുമാനമാണ് രാജ്യം കാത്തിരിക്കുന്ന മറ്റൊരു പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.