1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ഡല്‍ഹി : ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരെ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ പത്തരയോടെയാണ് ജന്തര്‍മന്ദിറിലെ സമരവേദിയില്‍ ഹസാരെ നിരാഹാരം തുടങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ നാല് ദിവസമായി നടന്നുവരുന്ന നിരാഹാര സമരം ഫലം കാണാത്ത സാഹചര്യത്തിലാണ് ഹസാരെ നിരാഹാരമിരിക്കാന്‍ തയ്യാറായത്.
കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച സുപ്രിം കോടതി ജഡ്ജിമാര്‍ അടങ്ങുന്ന പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹസാരെ സംഘം നിരാഹാരം തുടങ്ങിയത്. അരവിന്ദ് കേജ്‌രിവാള്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നിവരാണ് ബുധനാഴ്ച മുതല്‍ ജന്തര്‍മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. എന്നാല്‍ മുന്‍ സമരങ്ങളെ അപേക്ഷിച്ച് ജനപങ്കാളിത്തം തീരെ കുറവായത് ഹസാരെ സംഘത്തിന് തിരിച്ചടിയായി. ജനപങ്കാളിത്തം തീരെ കുറഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറായതുമില്ല.
ഹസാരെ നിരാഹാരം ആരംഭിക്കുന്നതോടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാവശ്യമായ ജനപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റുളളവര്‍. കഴിഞ്ഞ ദിവസം അഞ്ഞുറില്‍ താഴെ ആളുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ഹസാരെ നിരാഹാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്നായിരുന്നു അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സമരത്തിന് ജനപങ്കാളിത്തം തീരെ കുറവായ സാഹചര്യത്തില്‍ ഹസാരെയെ രംഗത്തിറക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.