1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ കമ്പനികളുടെ വാക്സിന്‍ ഡോസുകള്‍ തമ്മില്‍ ഇടകലര്‍ത്തി കുത്തിവയ്ക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തറിന് പുറത്ത് നിന്ന് ഖത്തറില്‍ നല്‍കുന്നതല്ലാത്ത വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ വാക്സിന്‍ ഡോസുകളാണ് ബൂസ്റ്റര്‍ ഡോസായി ഖത്തറില്‍ ലഭിക്കുകയെന്ന് വാക്സിന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

നിലവില്‍ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിക്കും. മാറാരോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്നവര്‍ തുടങ്ങിയവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അവര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന കാര്യം നിലവില്‍ പരിഗണനയിലില്ല.

രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന നിലവിലെ നിബന്ധന തുടരും. വരുന്ന രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് അനുസൃതമായി ഇതില്‍ മാറ്റങ്ങളുണ്ട്. എന്നാല്‍, പല രാജ്യങ്ങളിലും കോവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ അതിനു മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് സുരക്ഷിതമെന്നും അല്‍ ബയാത്ത് പറഞ്ഞു.

രാജ്യത്തെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ സെന്ററുകള്‍ വഴിയാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്. യോഗ്യരായവരെ അതത് മേഖലകളിലെ പിഎച്ച്‌സിസികളില്‍ നിന്നും വിളിച്ചാല്‍ അപ്പോയിന്‍മെന്റ് ലഭിക്കും. 4027 7077 എന്ന പിഎച്ച്‌സിസി ഹോട്ട്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്.

അതേസമയം, കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് ഒരു വര്‍ഷത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡന്‍ ഫ്രെയിം നഷ്ടമാവുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി അറിയിച്ചു. ഖത്തര്‍ ടിവിയില്‍ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറില്‍ കോവിഡ് വാക്സിനെടുത്തതിനുള്ള തെളിവാണ് ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡന്‍ ഫ്രെയിം. ഇത് ഇല്ലാതാകുന്നതോടെ പല ഇടങ്ങളിലുമുള്ള പ്രവേശനാനുമതി ഇല്ലാതാകും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ആറു മാസം കഴിയുന്നതോടെ കോവിഡിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറു മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം.

പല രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ നാലാം തരംഗത്തിലേക്ക് പ്രവേശിച്ചതായാണ് വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശക്തമായ വാക്‌സിനേഷന്‍ ക്യാംപയിനിലൂടെ മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധന, ക്വാറന്റൈന്‍ തുടങ്ങിയ യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിബന്ധനകള്‍ തുടരും. അത് ഒറ്റയടിക്ക് എടുത്തുകളയുന്നത് രാജ്യത്ത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇടക്കാലത്ത് നേരിയ തോതില്‍ വര്‍ധിച്ച ഖത്തറിലെ കൊവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രണാധീനമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രോഗ വ്യാപനം അല്‍പം വര്‍ധിച്ചിരുന്നു.

എന്നാല്‍ ശക്തമായ നടപടികളിലൂടെ രോഗ വ്യാപനം വീണ്ടും കുറച്ചുകൊണ്ടുവരാനായതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 147 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാദ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 176 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 239,888 ആയി. പുതുതായി രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് 1,876 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ഇവര്‍ ഉള്‍പ്പെടെ 86 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,558 ഡോസ് വാക്സിന്‍ കൂടി നല്‍കിയതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 49,3 ലക്ഷം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.