1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2015

സ്വന്തം ലേഖകന്‍: തൃശൂര്‍, ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് അയാളോടുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണെന്ന് പൊലീസ്. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

നിസാം അടക്കമുള്ള ഫ്ലാറ്റിലെ താമസക്കാരില്‍ ചിലര്‍ രാത്രി ഏറെ വൈകിയാണ് ശോഭ സിറ്റിയിലേക്ക് വന്നിരുന്നത്. തുടര്‍ന്ന് രാത്രി 12 മണിക്കു ശേഷം വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് ചന്ദ്രബോസിനോട്, നിസാമില്‍ പകയും വൈരാഗ്യവും വളര്‍ത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

തുടര്‍ന്ന് നിസാം പലതവണ ചന്ദ്രബോസിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണി വകവക്കാതിരുന്ന ചന്ദ്രബോസ് വീണ്ടും നിസാമിന്റെ കാര്‍ തടയുകയായിരുന്നു. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അടക്കം 15 സാക്ഷികള്‍ ഇപ്രകാരം മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

അഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തില്‍ നിസാമിന്റെ ഭാര്യ അമലും കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും ഉള്‍പ്പെടെ 111 സാക്ഷികളാണുള്ളത്. അമല്‍ പതിനൊന്നാം സാക്ഷിയും ജമന്തി പന്ത്രണ്ടാം സാക്ഷിയുമാണ്. 124 രേഖകളും 43 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.