1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012

കുട്ടികളെ വളര്‍ത്തുക ഒരു നിസ്സാരകാര്യമല്ല. ഒരു കുട്ടി അവന്റെ പെരുമാറ്റങ്ങളും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നത് ചുറ്റുപാടുകളില്‍ നിന്നാണ്. അതായത് നമ്മള്‍ പറയുന്ന ഒരോ കാര്യങ്ങളും കുട്ടി ഗൗരവത്തില്‍ തന്നെയെടുക്കുമെന്ന് അര്‍ത്ഥം. ഇന്നത്തെ മാതാപിതാക്കള്‍ക്ക് കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്ന കാര്യത്തില്‍ നൂറ് സംശയങ്ങളാണ്. മാതാപിതാക്കളുടെ അഭിപ്രായങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത കുട്ടികളോട് പറയാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍ ഇതാ

ഡോണ്ട് ബി സില്ലി… ഇങ്ങനെ ഭയക്കേണ്ട കാര്യമില്ല

കുട്ടികളോട് ഭയക്കേണ്ട കാര്യമില്ല എന്ന് പറയാന്‍ പാടില്ല. ഇത് അവന്റെ ഭയങ്ങളെ നമ്മള്‍ വിലകുറച്ച് കാണുന്നു എന്ന തോന്നലുണ്ടാക്കും. മാത്രമല്ല പിന്നീട് ഭയമുണ്ടാക്കുന്ന വലിയ കാര്യങ്ങള്‍ പോലും മാതാപിതാക്കളോട് പങ്ക് വെക്കാന്‍ കുട്ടിക്ക് വിമുഖതയുണ്ടാകും.

കരയാന്‍ പാടില്ല

പലപ്പോഴും കുട്ടികള്‍ കരയുന്നതില്‍ നിന്ന് നമ്മള്‍ വിലക്കാറുണ്ട്. മാതാപിതാക്കള്‍ അവരുടെ സൗകര്യങ്ങള്‍ക്കും ശാന്തതയ്ക്കുമായി കുട്ടികളെ കരയുന്നതില്‍ നിന്ന് വിലക്കുമ്പോള്‍ അവരുടെ വികാരങ്ങള്‍ക്ക് നമ്മള്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ലന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്.

നീയൊരു വികൃതിയാണ്

എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ കുട്ടി മൊത്തത്തില്‍ തെറ്റുകാരനാണ് എന്നു വരുത്തി തീര്‍ക്കാതെ ചെയ്ത പ്രവ്യത്തിയെ മാത്രം വിമര്‍ശിക്കുക. കുട്ടിയിലെ നല്ല ഗുണങ്ങളെ നമ്മള്‍ അംഗീകരിക്കുന്നു എന്ന തോന്നല്‍ പോലും അവനില്‍ മാറ്റമുണ്ടാക്കും.

ഐ വില്‍ ഷൂട്ട് യൂ

കുട്ടികള്‍ വികൃതി കാണിക്കുമ്പോള്‍ പലരും വെടിവെയ്ക്കുമെന്ന് ആക്ഷന്‍ കാണിക്കാറുണ്ട്. ഇത് തെറ്റായ രീതിയാണ്. പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കിയിട്ട് ഓടിയൊളിക്കാനുളള പ്രേരണയാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്.

നീ ബുദ്ധിമാനാണ്

കുട്ടികളെ അമിതമായി പ്രശംസിക്കാന്‍ പാടില്ല. എന്നാല്‍ കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുകയും വേണം. നിന്റെ അദ്ധ്വാനമാണ് നിന്നെ വിജയത്തിലെത്തിച്ചത്. അതിനെ അംഗീകരിക്കുന്നു എന്ന മട്ടിലാകണം സംസാരം.

നീ സുന്ദരിയാണ്

ഇതും പ്രശംസയാണ്. സൗന്ദര്യത്തെ കുറിച്ചുളള അമിത പ്രശംസ കുട്ടികളെ പുറംമോടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയാക്കും. ആത്മവിശ്വാസമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് മനസ്സിലാക്കാന്‍ കുട്ടിക്ക് കഴിയണം.

അത് കൊളളാം, നന്നായി

പലപ്പോളും ചെറിയ കാര്യങ്ങള്‍ക്ക് പോലും മാതാപിതാക്കള്‍ കുട്ടികളെ പ്രശംസിക്കാറുണ്ട്. നല്ല ഉദ്ദേശത്തോടെ ആണ് ചെയ്യുന്നതെങ്കിലും അതിന് ദോഷവശമുണ്ട്. കുറച്ച് കഴിയുമ്പോള്‍ കുട്ടി പ്രശംസ കേള്‍ക്കുവാനായി മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും. അത് കിട്ടാതെ വരുമ്പോള്‍ അസ്വസ്ഥനാവുകയും ചെയ്യും.

ഞാന്‍ തിരക്കിലാണ്

കുട്ടികളുടെ കുഞ്ഞു കുഞ്ഞ് ആവശ്യങ്ങള്‍ നിങ്ങള്‍ തിരക്ക് കാരണം അവഗണിക്കുമ്പോള്‍ അവനെ/ അവളെ നിങ്ങള്‍ക്ക് ആവശ്യമില്ലന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.

ഞാന്‍ നിന്നെ വിശ്വസിക്കുന്നില്ല

കുട്ടികള്‍ അതിശയോക്തി കലര്‍ത്തി കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കളളം പറയുകയാണന്ന് ഒറ്റയടിക്ക് പറയുന്നത് അവരുടെ ഭാവന മുരുടിപ്പിക്കാനെ സഹായിക്കു. കളളം പറയുമ്പോള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന് വ്യക്തമായി പറയണം. അല്ലാതെ കുട്ടിയെ കളളനാക്കാന്‍ ശ്രമിക്കരുത്.

അമ്മയെ എന്തിനാണ് സങ്കടപ്പെടുത്തിയത്

കുട്ടികള്‍ തെറ്റുചെയ്യുമ്പോള്‍ അത് അമ്മയെ/അച്ഛനെ സങ്കടപ്പെടുത്തിയെന്ന് പറയാതിരിക്കുക. മാതാപിതാക്കളെ സന്തുഷ്ടരാക്കേണ്ട ബാധ്യത തനിക്കാണന്നത് കുട്ടിയില്‍ കടുത്ത സമ്മര്‍ദ്ധം സൃഷടിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.