1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2015

സ്വന്തം ലേഖകന്‍: യെമനിലെ പ്രധാന തുറമുഖ നഗരമായ ഏദന്‍ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം. ഏദന്‍ തുറമുഖം പിടിച്ചെടുക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ഹൗതി തീവ്രവാദികള്‍ക്കു നേരെ വിദേശ യുദ്ധക്കപ്പലില്‍ നിന്ന് ആക്രമണമുണ്ടായതായി വാര്‍ത്തകളുണ്ട്.

ഹൗതി തീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള കരയുദ്ധവും രൂക്ഷമാണ്. ഒന്നര ദിവസത്തിനിടെ 53 പേരെങ്കിലും കൊല്ലപ്പെട്ടതായാണു നിഗമനം. ഇതില്‍ 17 സാധാരണക്കാരും ഉള്‍പ്പെടും. 26 ഹൗതി വിമതരും 10 പ്രസിഡന്റ് അനുകൂല പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്.

തെരുവു യുദ്ധവും ഷെല്ലാക്രമണവും രൂക്ഷമായതോടെ ഏഡന്‍ ഒറ്റപ്പെട്ട നിലയിലാണ്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 12 ദിവസമായി നടക്കുന്ന വ്യോമാക്രമണത്തിനും ഹൗതികളുടെ മുന്നേറ്റം തടയാനായിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

രൂക്ഷമായ പോരാട്ടം നടക്കുന്നതിനാല്‍ തുറമുഖം അടച്ചിരിക്കുകയാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ യെമനില്‍ നിന്നു രക്ഷിച്ചത് ഏഡന്‍ തുറമുഖം വഴിയായിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് മുംബൈയ്ക്കു തുറമുഖത്ത് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെറുബോട്ടുകളില്‍ ഇന്ത്യക്കാരെ പുറംകടലില്‍ കിടന്ന കപ്പലിലേക്ക് എത്തിക്കുകയായിരുന്നു.

സംഘര്‍ഷങ്ങളില്‍ പരുക്കേറ്റവര്‍ക്കു മെഡിക്കല്‍ സഹായമുള്‍പ്പെടെ എത്തിക്കാന്‍ കഴിയുന്നില്ലെന്നു റെഡ്‌ക്രോസ് അധികൃതര്‍ അറിയിച്ചു. ഭക്ഷണവും ശുദ്ധജലവും കിട്ടാത്ത അവസ്ഥയുണ്ട്, പല സ്ഥലങ്ങളിലും. വൈദ്യുതിയും ഇല്ല.

അതേസമയം ഹൗതികള്‍ക്കെതിരായ പോരാട്ടത്തില്‍ സഹായിക്കണമെന്ന സൗദി അറേബ്യയുടെ അഭ്യര്‍ഥന ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു.

വ്യോമ, നാവിക, കര സേനകളെ അയയ്ക്കണമെന്നാണു സൗദി അറേബ്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സൗദിയുടെ ചിരകാല സുഹൃത്താണെങ്കിലും പാക്കിസ്ഥാന് അയല്‍ക്കാരായ ഇറാനെ പിണക്കുക എളുപ്പമല്ല. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൗതി വിമതര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.