1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2011

കിസാന്‍ ബാബുറാവു ഹസാരെ ഒരുക്കം തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. ആഗസ്ത് 16 മുതല്‍ ഉപവസിക്കും എന്ന് പ്രഖ്യാപിച്ചതുമാണ്. സര്‍ക്കാറിന്റെ തലപ്പത്തുള്ളവര്‍ സമരം നേരിടാനുള്ള തന്ത്രകുതന്ത്രപ്ലാനുകള്‍ അപ്പഴേ വരച്ചുതുടങ്ങിയിരിക്കണം. ഒരു നേരം ഭക്ഷണം കഴിക്കുന്ന പഴയ പട്ടാള ഡ്രൈവര്‍. ഗാന്ധിയനോ ഗാന്ധിത്തൊപ്പിയനോ എന്തോ ആണത്രെ. നമ്മളേക്കാള്‍ വലിയ ഗാന്ധിയന്‍ ആരുണ്ട്? സ്വന്തമായി ഒരു പാര്‍ട്ടി പോലുമില്ലാത്ത ഇയാള്‍ സൂപ്പര്‍പവറായ ഭരണകൂടത്തെ നേരിടുന്നത് എങ്ങനെയെന്ന് കാണണമല്ലോ. കാലോ അരയോ ഡസന്‍ വക്കീലന്മാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. അവരുടെ അതി വികിരണശേഷിയുള്ള മസ്തിഷ്‌കങ്ങള്‍ കൂട്ടായി പ്രവര്‍ത്തിപ്പിച്ചാണ് ഹസാരെയെ നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. എന്നിട്ടും ഹ്സാരയുറെ സമരം ഒടുവില്‍ വിജയിക്കുക തന്നെ ചെയ്തു, എന്നാല്‍ ഇതൊരു വിജയമായ് ആഘോഷിക്കേണ്ടതുണ്ടോ?

നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ അപ്പടി ഹസാരെ സംഘം ഏറ്റെടുക്കുന്നതിനോട് പ്രതിപക്ഷത്തുള്ളവര്‍ക്കും യോജിപ്പില്ലായിരുന്നു. പാര്‍ലമെന്റിനെ തൊഴില്‍രഹിതമാക്കുന്നതിനോട് ആര്‍ക്കും യോജിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് ഹസാരെ സമരത്തെ ഞെക്കിക്കൊല്ലണമോ നക്കിക്കൊല്ലണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. അഴിമതി, പ്രക്ഷോഭം, സത്യാഗ്രഹം, ജയില്‍വാസം തുടങ്ങി രാഷ്ട്രീയക്കാര്‍ക്ക് അലോട്ട് ചെയ്ത മേച്ചില്‍പ്പുറങ്ങളില്‍ അരാഷ്ട്രീയക്കാര്‍ കേറിമേയുന്നത് ശരിയല്ല. പത്രം വായിക്കുന്നതുതന്നെ അത്ര നന്നല്ലെന്ന അഭിപ്രായമുള്ള അരാഷ്ട്രീയ പൈതങ്ങളാണ് ഇപ്പോള്‍ വൃദ്ധ അണ്ണന്മാര്‍ക്ക് പിറകില്‍ സംഘടിക്കുന്നത്. അതും അത്ര നല്ല പ്രവണതയല്ല. ഹസാരെ നേരത്തേ ഉപവാസം നടത്തിയപ്പോള്‍ ഒറ്റ രാഷ്ട്രീയക്കാരനെയും നാലയലത്ത് പ്രവേശിപ്പിച്ചിരുന്നില്ല. അരാഷ്ട്രീയക്കാര്‍ വിലസുകയും ചെയ്തു. ഗാന്ധിയന്മാരും കമ്പ്യൂട്ടര്‍ കുട്ടന്മാരും തമ്മിലുള്ള കൂട്ടുകെട്ട് അത്ര പന്തിയല്ല. ഇന്ന് ഒരു ഹസാരെ. നാളെ ഓരോന്നിനും ഇത്തരം ഹസാരെമാര്‍ രംഗപ്രവേശം ചെയ്തുകൂടായ്കയില്ല. സമരം നടത്തുന്നതും പാര്‍ലമെന്റില്‍ നിയമമുണ്ടാക്കുന്നതുമായ പണികള്‍ ഹസാരെമാര്‍ക്ക് വിട്ടുകൊടുക്കുകയും വെറുതെ നോക്കുകൂലി വാങ്ങി പുറത്തിരിക്കുകയും ചെയ്യുന്നത് തൂങ്ങിച്ചാകുന്നതിന് തുല്യമാണെന്ന് പാര്‍ട്ടികളെ ആരും പഠിപ്പിക്കേണ്ടതില്ല തുടങ്ങിയ ചിന്തകള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഉറക്കമാണല്ലോ സമീപകാലത്ത് കെടുത്തിയത്.

ഹസാരെയെക്കാള്‍ നമ്മള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന അഥവാ നടന്നു കൊണ്ടിരിക്കുന്ന സമരത്തിനാണ്. ഉത്തരവാദപ്പെട്ടവര്‍ സൗകര്യപൂര്‍വം വിട്ടുകളഞ്ഞ അഴിമതിപ്രശ്നത്തെ അവസരത്തിനൊത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍, പിടിവാശികളിലൂടെ ഭേദപ്പെട്ട നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാറിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും പാര്‍ലമെന്‍റിനെയും വഴിനടത്തുന്നതില്‍, ഹസാരെ വിജയിച്ചു. അഴിമതിവിരുദ്ധ സമരം വിജയിക്കുകതന്നെ വേണം. നക്സലൈറ്റുകള്‍ വേരോട്ടം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന മറുപുറം ഉയര്‍ത്തിക്കാട്ടി അദ്ദേഹവും അനുയായികളും. ജനാധിപത്യത്തില്‍ ജനത്തിന്‍െറ ആവേശവും വിശ്വാസവും കൂട്ടാന്‍, ഭരിക്കുന്നവര്‍ക്ക് താക്കീത് നല്‍കാന്‍ ഹസാരെയുടെ സമരം ഉപകരിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

ഹസാരെ ജന്‍ലോക്പാല്‍ ബില്ലുമായി അവതരിച്ചത്, അഴിമതിക്കഥകളുടെ പരമകാഷ്ഠയിലാണ്. ആത്മാര്‍ഥതയേക്കാള്‍, അത്തരമൊരു സന്ദര്‍ഭം ഹസാരെ അവസരമാക്കി എടുത്തുവോ എന്ന് ചോദിക്കാന്‍ സര്‍ക്കാറിനും ഭരണ-പ്രതിപക്ഷ കക്ഷികലക്കും എന്തവകാശമല്ലേ? അഴിമതിയുടെ ദുര്‍ഗന്ധത്തില്‍ മൂക്കുപൊത്തി നടന്ന ജനത്തെ സമാധാനിപ്പിക്കാന്‍ മെച്ചപ്പെട്ട പ്രതിരോധമാര്‍ഗം മുന്നോട്ടുവെച്ച് രംഗത്തിറങ്ങേണ്ട ഉത്തരവാദിത്തം സര്‍ക്കാറിന് ഉണ്ടായിരുന്നു എന്നിട്ടും വേലി തന്നെയാണ് വിളവ് തിന്നുന്നതെന്ന ചൊല്ലിനെ ശരി വെക്കും വിധമാണ് ഹസാരെ നയിച്ച സമരത്തിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത്. ലോക്പാല്‍ ബില്‍ കൊണ്ടുവരാന്‍ പോവുകയാണെന്ന് ഹസാരെക്കു മുമ്പേ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയുടെയും സി.എ.ജിയുടെയും ഇടപെടലുകളിലൂടെ അഴിമതിയുടെ വികൃതമുഖം പുറത്തുവന്ന ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആര്‍ജവത്തോടെ രംഗത്തിറങ്ങിയിരുന്നെങ്കില്‍ ഇത്തരമൊരു സമരം ആവശ്യമായ് വരികയെ ഇല്ലായിരുന്നു. ആ ഇടം ഹസാരെ കൈയേറിക്കഴിഞ്ഞപ്പോള്‍, എതിര്‍പ്പ് അദ്ദേഹത്തോടും സംഘത്തോടുമായി. സിനിമാ താരങ്ങളും വ്യവസായികളും ശ്രീശ്രീ രവിശങ്കറും സംഘ്പരിവാറും രാംദേവ് സ്വാമിയും വേറെ കുറെ ആസാമിമാരുമാകട്ടെ, സാധ്യതകള്‍ മണത്തു. അവര്‍ക്ക് മേയാന്‍ ഹസാരെ അവസരം കൊടുക്കരുതായിരുന്നു.

ഗാന്ധിയനാണെന്ന് പറയുകയും മതനിരപേക്ഷതക്ക് വിരുദ്ധമായ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത് ഹസാരെ ഇരട്ടത്താപ്പ് കാട്ടി. ഇക്കൂട്ടരാകട്ടെ, എല്ലാ കാലത്തും കൊള്ളാവുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ കൈയടക്കാന്‍ ശ്രമിച്ചുപോന്നിട്ടുള്ളവരാണ്. അതത്രയും വിജയിച്ചിരുന്നെങ്കില്‍, ഇന്ത്യയുടെ ചരിത്രം മറ്റൊന്നായിപ്പോയേനേ. മതനിരപേക്ഷതയിലൂന്നിയ സാമൂഹിക പശ്ചാത്തലത്തില്‍ അപഭ്രംശങ്ങള്‍ ഉണ്ടാക്കാനേ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. അവര്‍ക്ക് ഹൈജാക്ക് ചെയ്തുകൊണ്ടുപോകാന്‍ ജനസാമാന്യം നിന്നുകൊടുക്കുന്ന കാലം പോയി. തെരഞ്ഞെടുപ്പുകളുടെ നേരത്ത് പ്രവചനങ്ങള്‍ തെറ്റിച്ച് അടുത്തകാലത്തായി ജനം പ്രദര്‍ശിപ്പിക്കുന്ന വിവേചന ബുദ്ധി ഹസാരയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ വിലയിരുതുമ്പോഴും ശരിയാകുകയാണ്.

പൊതുജീവിതത്തിലെ അഴിമതി തടയാന്‍ കഴിയും വിധം ജന ലോക്പാല്‍ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ചെവികൊടുക്കാത്തതില്‍ പ്രതിഷേധിച്ച്ഡെല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 2011 ഏപ്രില്‍ 5 മുതലാണ് മരണം വരെ അദ്ദേഹം നിരാഹാരസമരം ആരംഭിക്കുമെന്നു പ്രഖാപിച്ചത് ഇതേ തുടര്‍ന്നു രാജ്യവ്യാപകമായ പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായ്, വിദ്യാര്‍ഥികളും വീട്ടമ്മമാരും യുവജനങ്ങളും അടങ്ങിയ സാധാരണക്കാര്‍ക്ക് പുറമേ വ്യവസായികളും ചലച്ചിത്ര താരങ്ങളും വരെയുള്ളവര്‍ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നപ്പോള്‍ ഇന്ത്യ അഴിമതിയില്ലാത്ത രാജ്യമാകുമോ എന്നൊക്കെ നാം സ്വപ്നം കണ്ടിരിക്കാം എന്നാല്‍ ഒരു ജന ലോകപാല്‍ബില്ലിന് തുടച്ചു നീക്കാന്‍ സാധിക്കില്ല നമ്മുടെ രാജ്യത്തെ അഴിമതി എന്നതാണ് സത്യം.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതിനു അനുകൂലമായ പ്രകടനങ്ങളുണ്ടായി. ഇതിന് പുറമേ രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനു ഭാരതീയര്‍ ഇന്റർനെറ്റിലെ സൗഹൃദ വെബ്സൈറ്റുകള്‍ വഴി ഹസാരെക്കു പിന്തുണ പ്രഖ്യാപിക്കുകയും സമഗ്രമായ ഒരു ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള ആശയപ്രചരണം ത്വരിതപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 9-നു് ,ബില്‍ തയ്യാറാക്കുന്നതിനുള്ള സമിതിയില്‍ 50 ശതമാനം പേരും, കൂടാതെ സമിതി സഹാദ്ധ്യക്ഷനും രാഷ്ട്രീയമേഖലയില്‍ നിന്നല്ലാത്തവരാവണമെന്ന ആവശ്യം അംഗീകരിച്ച് കൊണ്ടുള്ള ഗവണ്‍മെന്റു് വിജ്ഞാപനം പുറത്തു വന്നതിനെ തുടര്‍ന്ന് അദ്ദേഹം നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.